കൊട്ടാരക്കര: യാത്രക്കാരുടെ നടുവൊടിച്ച് വാളകം അണ്ടൂർ വഴി ഉമ്മന്നൂരിലേക്കുള്ള റോഡ്. അണ്ടൂർ മുതൽ മേൽക്കുളങ്ങരവരെയുള്ള രണ്ടു കിലോമീറ്റർ ഭാഗമാണ് ടാറും മെറ്റലുമിളകി കുണ്ടും കുഴിയുമായി കിടക്കുന്നത്. ഇതോടെ റോഡിലൂടെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവീസുകൾ നിറുത്തിവച്ചു. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും ഈ റോഡ് ഉപേക്ഷിച്ചിട്ടു വർഷങ്ങളായി. കൊട്ടാരക്കരയിൽ നിന്ന് വാളകം അണ്ടൂർ വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി. സി സർവീസ് നിലച്ചിട്ടും വർഷം അഞ്ച് പിന്നിട്ടു.
എന്നാൽ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനോ നിറുത്തിവച്ച സർവീസുകൾ പുനഃസ്ഥാപിക്കാനും ആരും ചെറുവിരലുപോലും അനക്കിയിട്ടില്ല. ഇതോടെ സഞ്ചരിക്കാൻ മാർഗമില്ലാതെ നട്ടംതിരിയുകയാണ് ഇവിടുത്തുകാർ. ആർ. ബാലകൃഷ്ണപിള്ള ഗതാഗത വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് കൊട്ടാരക്കരയിൽ നിന്ന് മേൽക്കുളങ്ങര വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസും കൊട്ടാരക്കര വാളകം മേൽക്കുളങ്ങര സർക്കുലർ സർവീസും ആരംഭിച്ചത്. ഇതു നിലച്ചതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. യാത്രാക്ളേശം രൂക്ഷമായതോടെ മിക്കവരും കാൽനടയായിട്ടാണ് വാളകത്തോ വയയ്ക്കലോ ആയൂരോ പോകുന്നത്. വിദ്യാർത്ഥികളെയും യാത്രാക്ളേശം ഏറെ വലയ്ക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്വന്തമായി വാഹനങ്ങൾ ഉളളവർ പോലും റോഡ് തകർന്നതിനാൽ ഇതുവഴി യാത്രചെയ്യാൻ മടിക്കുകയാണ്. മുപ്പതു വർഷം മുമ്പ് പണിത റോഡ് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്തോ മറ്റു സർക്കാർ ഏജൻസികളോ മുന്നോട്ടു വന്നില്ല. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും യാത്രാക്ളേശം പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം
പ്രഭാകരൻ, എസ്.എൻ.ഡി.പി യോഗം മേൽക്കുളങ്ങര ശാഖാ
പ്രസിഡന്റ്