cashew
കശുഅണ്ടി വികസന കോർപ്പറേഷന്റെ മാതൃകാ കശുമാവിൻ തോട്ട പദ്ധതിയുടെ തൈ നടീൽ ചാത്തന്നൂർ ഫാക്ടറിയിൽ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കശുഅണ്ടി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന മാതൃകാ കശുമാവിൻ തോട്ട പദ്ധതിയുടെ തൈ നടീൽ ചാത്തന്നൂർ ഫാക്ടറിയിൽ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനുളള പദ്ധതികൾ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലാകമാനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കശുമാവിന് ഇടവിളയായി കൊട്ടിയം ഫാക്ടറിയിൽ ആരംഭിച്ച ശ്രീ പവിത്ര ഇനത്തിൽപ്പെട്ട മരച്ചീനിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു.

കോർപ്പറേഷന്റെ കൊട്ടിയം, ചാത്തന്നൂർ, കണ്ണനല്ലൂർ, തെറ്റിക്കുഴി, പുത്തൂർ എന്നീ അഞ്ച് ഫാക്ടറികളിലായുളള 25 ഏക്കർ സ്ഥലത്താണ് മാതൃകാ കശുമാവിൻ തോട്ടം ആരംഭിക്കുന്നത്. അത്യുത്പാദന ശേഷിയുളള 16 ഇനം കശുമാവ് ഗ്രാഫ്റ്റ് തൈകളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി സഹകരണത്തോടെ നട്ടുപിടിപ്പിക്കുന്നത്.

കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, മെറ്റീരിയൽസ് മാനേജർ സുനിൽ ജോൺ, പ്ലാന്റേഷൻ മാനേജർ എ. ഗോപകുമാർ, അഗ്രികൾച്ചറൽ കൺസൾട്ടന്റ് ടി. പ്രേംലാൽ, ആർ. രാജീവ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. പ്രകാശ്, ചിറക്കര ശശി, പ്രദീപ്, ശിവശങ്കരപിള്ള, ഫാക്ടറി മാനേജർമാരായ ബിന്ദു, നിഷാന്ത്, ജോൺ അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.