പുത്തൂർ: ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ കുഴി എടുത്ത മണ്ണ് നിറഞ്ഞ് എസ്.എൻ. പുരം - ഭജനമഠം റോഡ് ചെളിക്കുണ്ടായി. കാൽനടയാത്രക്കാർക്ക് പോലും യാത്ര ദുഷ്കരമായ അവസ്ഥയിലാണ്. ഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡിന്റെ വശത്ത് പൈപ്പുകൾ സ്ഥാപിക്കാൻ കുഴി എടുത്തത്. ഇത് മൂടിയെങ്കിലും റോഡിൽ നിറഞ്ഞ മണ്ണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചാറ്റൽ മഴയിൽ കുഴഞ്ഞ് ചെളി രൂപപ്പെടുകയായിരുന്നു.
ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പത്രം ഏജന്റ് ഉൾപ്പെടെ അഞ്ചോളം പേർക്ക് ഇതിനോടകം തെന്നിവീണ് പരിക്കേറ്റു. യാത്ര ദുഷ്ക്കരമായതിനെ തുടർന്ന് ഓട്ടോറിക്ഷകൾ ഇത് വഴി ഓട്ടം പോകാൻ മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇത് വഴിയുള്ള ബസും സർവീസ് നിർത്തിയിരിക്കുകയാണ് കാലവർഷം ആരംഭിക്കാൻ ഇരിക്കെ സ്ഥിതി കൂടുതൽ അപകടകരമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.