കൊട്ടിയം: ഇരവിപുരം കാക്കത്തോപ്പ് ഭാഗത്തുണ്ടായ ശക്തമായ കടലാക്രമണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. കാലവർഷം ആരംഭിക്കാനിരിക്കെ കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
പഞ്ചായത്ത് വിവരമറിയിച്ചതിനെ തുടർന്ന് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് അടിയന്തര നടപടികളെ കുറിച്ച് ചർച്ച നടത്തി. പുലിമുട്ട് നിർമ്മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന പാറകൾ താത്കാലികമായി ഇടിഞ്ഞ ഭാഗങ്ങളിൽ നിരത്താനാണ് യോഗത്തിലെ തീരുമാനം. റോഡ് ഇടിച്ചിൽ ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു.