കൊല്ലം: റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപൂച്ചയെ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ രാത്രി 8 മണിയോടെ ചിന്നക്കട - ബീച്ച് റോഡിൽ കൊച്ചുപിലാംമൂട് ജംഗ്ഷന് സമീപത്താണ് വ്യാപാരിയായ ഇബ്രാഹീം റാവുത്തർ കാട്ടുപൂച്ചയെ കണ്ടത്. തുടർന്ന് അദ്ദേഹം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
അവശനിലയിൽ കാട്ടുപൂച്ച കിടക്കുന്നതായി അറിഞ്ഞ് റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുരുകനും സ്ഥലത്ത് എത്തി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും മുരുകനും ചേർന്നു പൂച്ചയെ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടിയാകാം പരിക്കേറ്റതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ കൺസർവേറ്റീവ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൽ.ടി. ബിജുവിന്റെ നേതൃത്വത്തിലാണ് പൂച്ചയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.