കൊല്ലം: മയ്യനാടിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളോട് ചേർന്ന് ഇൻസുലേഷനില്ലാത്ത ലോഹ പോസ്റ്റുകൾ സ്ഥാപിച്ച് വൻദുരന്തം ക്ഷണിച്ചുവരുത്തുകയാണ് സ്വകാര്യ ടെലികോം കമ്പനി. ലോഹ പോസ്റ്റുകളുടെ മുകൾ ഭാഗം മാത്രമാണ് പി.വി.സി പൈപ്പ് കൊണ്ട് മറച്ചിട്ടുള്ളത്. വൈദ്യുതി ലൈൻ അൽപ്പമൊന്ന് താഴ്ന്നാൽ ലോഹ പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിച്ച് ജനങ്ങൾക്ക് ഷോക്കേൽക്കുമെന്ന കാര്യം ഉറപ്പാണ്.
കാലവർഷം തുടങ്ങാനിരിക്കെ കാറ്റിൽപ്പെട്ട് വൈദ്യുതി തൂണുകളെങ്ങാനും ചരിഞ്ഞാൽ സ്വാഭാവികമായി വൈദ്യുതി ലൈനുകൾ താഴും. ഇതോടെ തൊട്ടുചേർന്ന് നിൽക്കുന്ന ടെലികോം കമ്പനിയുടെ പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിക്കും. ഇവരുടെ കേബിളുകൾ വഴി വൈദ്യുതി വീടുകളിലേക്കെത്തി വൻ ദുരന്തമുണ്ടാകാനും സാദ്ധ്യതയുണ്ട്.
കുട്ടികളടക്കം നൂറുകണക്കിന് പേർ സ്ഥിരമായി കടന്നുപോകുന്ന മയ്യനാട് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള മുക്കുളം ജംഗ്ഷനിലെയും സമീപത്തെയും പോസ്റ്റുകളാണ് ഏറെ അപകടഭീതി ഉയർത്തുന്നത്.
ചട്ട ലംഘനം പരസ്യമായി
കേബിളുകൾ വലിക്കാൻ സ്വന്തമായി തൂണുകൾ സ്ഥാപിക്കുന്നവർ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിൽ നിന്നും ലൈനുകളിൽ നിന്നും 1.2 മീറ്റർ അകലം പാലിക്കണമെന്നാണ് ചട്ടം. എന്നാൽ മയ്യനാടിന്റെ പല ഭാഗങ്ങളിലും സ്വകാര്യ ടെലികോം കമ്പനി വൈദ്യുതി ലൈനിന് ഇടയിലൂടെയാണ് ഇന്റർനെറ്റ് കേബിളുകൾ വലിച്ചിരിക്കുന്നത്.
പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി മയ്യനാട് സെക്‌ഷൻ അധികൃതർ കേബിളുകളും പോസ്റ്റുകളും നിയമപ്രകാരം മാറ്റി സ്ഥാപിക്കണമെന്ന് സ്വകാര്യ കമ്പനിക്ക് നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ അനങ്ങിയിട്ടില്ല.
'' ഇന്റർനെറ്റ് കേബിളും തൂണുകളും നിയമപ്രകാരമുള്ള അകലത്തിൽ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ടെലികോം കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി ഇലക്ട്രിക്കൻ ഇൻസ്പെക്ട്രേറ്റിനും ഡെപ്യൂട്ടി എൻജിനിയർക്കും റിപ്പോർട്ട് നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിനും കത്ത് നൽകി.''
സോഫിയ (എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി ചാത്തന്നൂർ ഡിവിഷൻ)
'' അപകടഭീഷണി ഉയർത്തുന്ന സ്വകാര്യ ടെലികോം കമ്പനിയുടെ പോസ്റ്റുകൾ എത്രയും വേഗം നീക്കം ചെയ്യണം. ദുരന്തമുണ്ടായ ശേഷം നടപടിയെടുത്തിട്ട് കാര്യമില്ല. വൈദ്യുതി ലൈനുകളും ലോഹ പോസ്റ്റുകളും ചേർന്ന് നിൽക്കുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഏത് നിമിഷവും ദുരന്തം ഉണ്ടായേക്കാവുന്ന അവസ്ഥയാണ് നിലവിൽ.''
ഡി. പ്രസാദ് (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ മയ്യനാട് ശാഖ)