mangroves

കൊല്ലം: ആശ്രാമത്തെ കണ്ടൽക്കാടുകൾ സംസ്ഥാനത്തെ ആദ്യ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമായി (Heritage site)ഇന്ന് പ്രഖ്യാപിക്കുമ്പോൾ കൊല്ലത്തിന് അഭിമാന മുഹൂർത്തം. പരിസ്ഥിതി പ്രേമികളുടെ പ്രാർത്ഥനയും കാത്തിരിപ്പുമാണ് ലോകപരിസ്ഥിതി ദിനത്തിൽ ഫലപ്രാപ്തിയിലെത്തുന്നത്. വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം നടത്തുക.

ആശ്രാമത്തെ കണ്ടൽക്കാടുകൾക്ക് ഈ പദവി ലഭിക്കുന്നതോടെ അഷ്ടമുടിക്കായൽ തീരത്തെ കണ്ടൽക്കാടുകളും അതിനെ ചുറ്റിപ്പറ്റിയുള്ള ആവാസ വ്യവസ്ഥയും സംരക്ഷിത പ്രദേശമായി മാറും. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിനാകും സംരക്ഷണ ചുമതല. പ്രശസ്ത സസ്യശാസ്ത്രജ്ഞനും കൊല്ലം എസ്.എൻ കോളേജിലെ റിട്ട. ബോട്ടണി പ്രൊഫസറുമായ എൻ.രവി രണ്ട് ദശാബ്ദത്തിലേറെയായി നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ ശേഷിപ്പായ ആശ്രാമം ഗസ്റ്റ് ഹൗസ് ഉൾപ്പെടുന്ന പ്രദേശത്തെ പച്ചപ്പ് കൈയേറ്റത്തിൽ ചുരുങ്ങി അഡ്വഞ്ചർ പാർക്കിനും കെ.ടി.ഡി.സി യുടെ ടാമറിൻഡ് ഹോട്ടലിനും മദ്ധ്യേയുള്ള പ്രദേശത്ത് മാത്രമായി ചുരുങ്ങി. ഈ കണ്ടൽക്കാടുകൾ തീരസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനു പുറമെ ദേശാടന പക്ഷികൾ അടക്കം 60 ഓളം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവുമാണ്. കൊല്ലം നഗരത്തിന്റെ ശ്വാസകോശമെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അത്യപൂർവ ജൈവ സ്പീഷീസുകളുടെ കലവറകൂടിയാണ്.

വംശനാശ ഭീഷണി നേരിടുന്ന ഞാറ വർഗ്ഗത്തിൽ പെട്ട കുളവട്ടി (Syzygium travancoricum) എന്ന വൻ മരം, ചൂരൽ വർഗ്ഗത്തിലെ അത്യപൂർവ ഇനമായ കലാമസ് റൊട്ടാംഗ് (Calamus rotang), ഈട്ടി വർഗ്ഗത്തിലെ വള്ളിച്ചെടിയായ ഡാൽബർജിയ കാൻഡണേറ്റൻസിസ് (Dalbergia candenatensis), ഇലകളും വേരും ഇല്ലാത്ത വള്ളിച്ചെടിയായ മൂടില്ലാത്താളി (Cassytha filiformis), ഷഡ്പദഭോജിയായ ഡ്രൊസീറ (Drosera burmani), എന്നിവയാൽ സമ്പന്നമാണ്. നീർ നായകളും ധാരാളമുണ്ട്. പൈതൃകപദവി ലഭിക്കുന്നതോടെ ഇവയെല്ലാം സംരക്ഷണ കവചത്തിലാകും.