തൊടിയൂർ: പരിമിതികളെ പരിശ്രമംകൊണ്ട് കീഴടക്കിയ വിജയഗാഥയുമായി കരുനാഗപ്പള്ളി താലൂക്ക് കൈത്തറി നെയ്‌ത്ത് വ്യവസായ സഹകരണ സംഘം. സ്കൂൾ യൂണിഫോം നെയ്‌ത്തിലാണ് സർക്കാർ നൽകിയ ക്വാട്ടയും ഭേദിച്ചുകൊണ്ടുള്ള നേട്ടവുമായി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സംഘം നാടിന് അഭിമാനമായത്. 20017 മീറ്റർ തുണിയാണ് സംഘത്തിന് സർക്കാർ നിശ്ചയിച്ചു നൽകിയ ക്വാട്ട. എന്നാൽ ഉൽപ്പാദിപ്പിച്ചതാകട്ടെ 20936 മീറ്ററും.
ആകെ 50 തറികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 24 എണ്ണത്തിൽ ഷർട്ടിംഗും12 എണ്ണത്തിൽ സ്യൂട്ടിംഗുമാണ് നെയ്‌തത്. 14 തറികളിൽ തനത് ഉല്പന്നങ്ങളും നെയ്‌തു. നൂൽ അവശ്യാനുസരണം ലഭിച്ചിരുന്നെങ്കിൽ ഉൽപ്പാദനം ഇനിയും ഉയരുമായിരുന്നു. വരും വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യൂണിഫോം തുണി ഉല്പാദിപ്പിക്കുന്ന കേന്ദ്രമായി മാറുകയാണ് സംഘത്തിന്റെ ലക്ഷ്യം. നിലവിൽ 50 തൊഴിലാളികളാണ് ഇവിടെയുള്ളത്. അടുത്ത വർഷം 150 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 100 തറികളിൽ നെയ്‌ത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കോടി രൂപ വിറ്റുവരവും പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളി കൈത്തറി എന്ന ബ്രാൻഡ് നാമത്തിൽ ഓൺലൈൻ വ്യാപാരം നടത്താനും ആലോചനയുണ്ട്.
ഓണത്തിന് മികച്ച വ്യാപാരം നടത്താറുള്ള സംഘം ഇക്കുറിയും ആകർഷകമായ തുണിത്തരങ്ങളുമായി വിപണിയിലെത്തും. സാരികൾ, സെറ്റ് മുണ്ട്, ഡബിൾമുണ്ട്, ഒറ്റമുണ്ട്, ഷർട്ടിംഗ്, ബെഡ്ഷീറ്റുകൾ, കെെലികൾ, തോർത്തുകൾ തുടങ്ങിയവ വില്പനയ്ക്കുണ്ടാകും.10 ലക്ഷം രൂപയാണ് ഓണ വിപണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഹാൻടെക്സിന്റെ ആവശ്യപ്രകാരം ഇവിടെ നിന്ന് മേൽത്തരം മുണ്ടുകൾ നെയ്തു കൊടുക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച തൊഴിലാളികളെ സംഘം ഭാരവാഹികൾ അനുമോദിച്ചു.
താലൂക്ക് കൈത്തറി നെയ്‌ത്ത് വ്യവസായ സഹകരണ സംഘം
1.തൊഴിലാളികൾ: 50
2. തറികൾ: 50
3.സർക്കാർ നൽകിയ ക്വാട്ട: 20017 മീറ്റർ
4.നെയ്തത്: 20936 മീറ്റർ യൂണിഫോം
5. 24 തറികളിൽ ഷർട്ടിംഗ്
6. 12 എണ്ണത്തിൽ സ്യൂട്ടിംഗും
കൈത്തറി നെയ്‌ത്ത് കൊല്ലം ജില്ലയിൽ നൂൽ ബാങ്ക് ഇല്ലാത്തതാണ് ആവശ്യനുസരണം നൂല് കിട്ടാതിരിക്കാൻ കാരണം. അഞ്ചു വർഷം മുമ്പ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സംഘത്തെ മികവിലേക്ക് ഉയർത്തിയത് ഭരണസമിതിയുടെയും തൊഴിലാളികളുടെയും കൂട്ടായപരിശ്രമവും അർപ്പണ മനോഭാവവുമാണ്. പ്രതിസന്ധി മറികടക്കുന്നതിൽ സ്ക്കൂൾ യൂണിഫോം ഉല്പാദനം സഹായകമായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ സ്ക്കൂൾ യൂണിഫോം തുണി ഉല്പാദിപ്പിച്ച സംഘത്തിനുള്ള അവാർഡ് ലഭിച്ചത് വലിയ പ്രോത്സാഹനമായി.
വി.വിജയകുമാർ, സംഘം പ്രസിഡന്റ്