ഓച്ചിറ: നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ എങ്ങനെ ലാഭകരമായി തീർക്കാം എന്നതിന് ഉദാഹരണമാണ് ക്ലാപ്പന വടക്ക് കയർ വ്യവസായ സഹകരണസംഘത്തിന്റെ ചരിത്രനേട്ടം. കയർ ഉൽപ്പാദനത്തിൽ ജില്ലയിൽ ഒന്നാമതെത്തിയാണ് സംഘം നേട്ടത്തിന്റെ പടവുകൾ ചവിട്ടിക്കയറിയത്.
1963ൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘം കഴിഞ്ഞ നാല് വർഷമായി ലാഭത്തിലാണ്. 2018-19 വർഷത്തിൽ ജില്ലയിൽ കയർ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള അവാർഡ് കഴിഞ്ഞ ദിവസം പ്രോജക്ട് ഓഫീസർ ഫെഡറിക് നിക്സണിൽ നിന്നും സംഘം സെക്രട്ടറി ശ്രീജ. എസ് ഏറ്റുവാങ്ങി.തുടച്ചയായ നാലാം വർഷമാണ് ഈ അവാർഡ് സംഘത്തിന് ലഭിക്കുന്നത്. 64 യൂണിറ്റുകളിലായി നൂറിൽപരം തൊഴിലാളികളാണ് സംഘത്തിന് കീഴിൽ ജോലിചെയ്യുന്നത്. സംഘത്തിന്റെ ഇപ്പോഴത്തെ ഭരണചുമതല ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ് പ്രസിഡന്റായ ഭരണസമിതിക്കാണ്. പ്രവർത്തന മികവ് പരിഗണിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാർ വിഹിതമായി 16,24,978 രൂപയും ഗ്രാന്റ് ഇനത്തിൽ 7,50,000രൂപയും സംഘത്തിന് ലഭിച്ചിരുന്നു.
പരമ്പരാഗത റാട്ടുകൾ ഉപേക്ഷിച്ച് യന്ത്രവൽക്കരണത്തിലൂടെയാണ് ഈ നേട്ടം സംഘം കൈവരിച്ചത്. കൂടുതൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങൾ ലഭ്യമാക്കിയാൽ കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകാനാകും അതുവഴി സംഘത്തിന് കൂടുതൽ ഉൽപ്പാദനം സാദ്ധ്യമാക്കാനും കഴിയും
എസ്. ശ്രീജ, സെക്രട്ടറി