കരുനാഗപ്പള്ളി: വിദ്യാർത്ഥികൾ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരായി മാറണെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. സി.പി.എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിലൂടെ മാനുഷിക മൂല്യങ്ങൾ ആർജ്ജിക്കാൻ കുട്ടികൾക്കാവണം. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നവരായി മനുഷ്യർ മാറുകയാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മാറി വൈകാരിക പ്രശ്നങ്ങൾ ആളി കത്തിച്ച് നേട്ടം കൊയ്യാൻ ശ്രമം നടക്കുന്നു. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അനുമോദിച്ചു. പി.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ശിവരാജൻ, ജെ. ഹരിലാൽ,ജെ. അസ്ലം എന്നിവർ സംസാരിച്ചു.