പാരിപ്പള്ളി: ഒരുവർഷം മുമ്പ് ആരംഭിച്ച പാരിപ്പള്ളി വില്ലേജ് ഓഫീസ് നവീകരണം മാസങ്ങളായി പാതിവഴിയിൽ നിലച്ച മട്ടാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും മാർഗമില്ലാതെ അസൗകര്യങ്ങളുടെ നടുവിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
നിലവിൽ ദേശീയപാതയോരത്ത് തെറ്റിക്കുഴിയിലെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് പാരിപ്പള്ളി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇതേ കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാൽ അഞ്ച് വർഷത്തോളമായി പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഒരു വർഷം മുമ്പ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചെങ്കിലും നാലുമാസത്തോളമായി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അതേസമയം പാരിപ്പള്ളി വില്ലേജ് ഓഫീസിനൊപ്പം തന്നെ നവീകരണം ആരംഭിച്ച ചിറക്കര, കോട്ടപ്പുറം, പൂതക്കുളം വില്ലേജ് ഒാഫീസുകൾ നിർമ്മാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി.
ഇപ്പോൾ ഒാടുകൾ പൊട്ടി വെള്ളം അകത്തിറങ്ങി ഫയലുകൾ നശിക്കുന്ന സ്ഥിതിയാണുള്ളത്. പുതിയ മുറികൾ നിർമ്മിച്ചെങ്കിലും പ്ലംബിംഗ്, പെയിന്റിംഗ് ജോലികൾ ഇനിയും ബാക്കിയാണ്. ടോയ്ലറ്റ് നിർമ്മാണവും പൂർത്തിയായിട്ടില്ല. മാസങ്ങളായി ഓഫീസ് വളപ്പിലെ കിണർ വറ്റിവരണ്ട് കിടക്കുകയാണ്. കിണറിലെ മോട്ടോറും കേടായ നിലയിലാണ്. നിർമ്മാണം ആരംഭിച്ചപ്പോൾ ഒാഫീസിന്റെ പരിസരത്താകെ പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒാഫീസിന്റെ ശോച്യാസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.