അഞ്ച് കോടി രൂപയുടെ പദ്ധതി ഉപഭോക്താവിന് 3175 രൂപ മാത്രം
കൊല്ലം: വരൾച്ചയുടെ ആഘാതം ലഘൂകരിക്കാൻ മഴവെള്ളക്കൊയ്ത്തിന് വഴി ഒരുക്കി കൊല്ലം കോർപ്പറേഷൻ. അമൃത് പദ്ധതിയിലൂടെയാണ് ഒരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. വിപുല സേവനങ്ങളാണ് മഴക്കാലത്തെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുക. മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വീടിന്റെ മട്ടുപ്പാവിൽ വീഴുന്ന മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് 500 ലിറ്റർ ശേഷിയുള്ള ടാങ്കിൽ സംഭരിച്ച് സൂക്ഷിക്കാനുള്ള സാഹചര്യമാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാക്കുക. അധികജലം കിണർ റീചാർജ് ചെയ്യുന്നതിന് ഉപയോഗിക്കാൻ കഴിയും വിധമാണ് പദ്ധതിയുടെ രൂപകൽപന. കിണർ ഇല്ലാത്തവർക്കും സ്ഥലപരിമിതി ഉള്ളവർക്കും ചെറിയ മഴക്കുഴികളിലേക്ക് വെള്ളം കരുതി വയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കും.
4000 പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 5.34 കോടി രൂപയാണ് ചെലവാക്കുന്നത്. ഒരു യൂണിറ്റ് 12,700 രൂപ വില വരും. എന്നാൽ ഉപഭോക്താവ് 3,175 രൂപ മാത്രം ചെലവാക്കിയാൽ മതിയാകും. ശേഷിക്കുന്ന തുക കോർപ്പറേഷൻ സബ്‌സിഡിയായി നൽകും.
ദാരിദ്ര്യരേഖാ വിഭജനം കൂടാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമുള്ളവർക്കെല്ലാം അപേക്ഷിക്കാം. പറ്റുചീട്ടിന്റെ പകർപ്പുമായി കോർപ്പറേഷനിലെ 'അമൃത്' വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതി വഴി വ്യക്തിഗത കുടിവെള്ള കണക്ഷനുകളും ലഭ്യമാക്കുന്നുണ്ട്.