പരവൂർ: 1936 നവംബർ 12ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ഒപ്പം തന്നെ ചരിത്രത്തിലിടം നേടിയ ഒരു ചരിത്ര സ്മാരകം ഇന്നും പരവൂരിൽ തലയെടുപ്പോടെ നിൽക്കുന്നു. കേരള നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി അന്നേദിവസം സ്ഥാപിതമായ പരവൂർ കുറുമണ്ടൽ ക്ഷേത്ര പ്രവേശന വിളംബര സ്മാരക ഗ്രന്ഥശാല.
കുറുമണ്ടൽ 916-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലാണ് വായനശാലയുടെ പ്രവർത്തനം. പരവൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി വായനക്കാരുടെ അറിവിന്റെ ജാലകമായി മാറിയ ഈ ഗ്രന്ഥപ്പുര ഇന്ന് നിലനിൽക്കുന്നത് നാട്ടുകാരുടെ സഹായം മൂലമാണ്. പ്രവർത്തനത്തിന്റെ 83-ാം വർഷത്തിലെത്തി നിൽക്കുന്ന ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും ദിനപത്രങ്ങളുമെല്ലാം പൊതുജനങ്ങളുടെ സഹായത്തിലാണ് ഇപ്പോൾ സ്വരൂപിക്കുന്നത്.
മുൻ മന്ത്രിമാരായ സി.വി. പദ്മരാജൻ, പി.കെ. ഗുരുദാസൻ, സംഗീത ചക്രവർത്തി ജി. ദേവരാജൻ, കാഥികൻ പരവൂർ രാമചന്ദ്രൻ തുടങ്ങി പരവൂരിലെ നിരവധി പ്രമുഖരെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലേക്ക് കൈ പിടിച്ച് ഉയർത്തിയ ചരിത്രവും ഈ ഗ്രന്ഥശാലയ്ക്ക് പറയാനുണ്ട്.
സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹായം ലഭിച്ചാൽ ആധുനിക രീതിയിലുള്ള ഗ്രന്ഥശാലയായി ഉയർത്താൻ സാധിക്കും. അതിനുള്ള പരിശ്രമം നടക്കുന്നുണ്ട്.
സി.ആർ. ഗോപിനാഥൻപിള്ള (പ്രസിഡന്റ്, ക്ഷേത്ര പ്രവേശന വിളംബര സ്മാരക ഗ്രന്ഥശാല)
പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുകൾ, നോവലുകൾ, മഹാകാവ്യങ്ങൾ തുടങ്ങിയവയെല്ലാം ആദ്യകാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചില ഗ്രന്ഥങ്ങൾ ഇന്നും ലഭ്യമാണെങ്കിലും പുതുതലമുറ വായിക്കാൻ കൂട്ടാക്കുന്നില്ല. വായനശീലം പ്രോത്സാഹിക്കുവാനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുവാനും ഗ്രന്ഥശാല വിപുലികരീക്കേണ്ടത് അത്യാവശ്യമാണ്.
ഗോപാലകൃഷ്ണൻ (പരവൂർ വികസന സമിതി അംഗം)