കൊട്ടാരക്കര: വേനൽ ചൂടിൽ വെന്തുനീറിയ ഭൂമാതാവിന് പച്ചപ്പിന്റെ തണൽക്കുടയൊരുക്കാൻ നാട് കൈകോർത്തു. സ്കൂളുകളും സാംസ്കാരിക നിലയങ്ങളും സംഘടനകളും വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ സുമൻ അലക്സാണ്ടർ ഉദ്ഘാടനംചെയ്തു.. അസോ. വൈസ് പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാംസൺ പാളക്കോണം, മുനിസിപ്പൽ കൗൺസിലർ എസ്.ആർ. രമേശ്, കെ.ഒ. രാജുക്കുട്ടി, ഒ. അച്ചൻകുഞ്ഞ്, റോയി ജോർജ്, ജിജി ജോർജ്, ചന്ദ്രമോഹനൻ, മെനുജോൺ, മാത്യു വർഗീസ്, ഡോ. ജീൻ ജോസ്, സോളമൻ പീടികയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വൃക്ഷ തൈ വിതരണം, പരിസ്ഥിതി സെമിനാർ, എന്നിവയും നടന്നു.
കലയപുരം ആശ്രയയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലയപുരം എം.എസ്.സി എൽ.പി സ്കൂളിൽ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, അദ്ധ്യാപകൻ സിജു ജോർജ്, ആശ്രയ ചീഫ് സോഷ്യൽ വർക്കർ എ.ജി. ശാന്തകുമാർ, ശിശുഭവൻ സൂപ്രണ്ട് അനിത മാത്യു, ആശ്രയ ശിശുഭവനിലെ കുട്ടികൾ എന്നിവർ ചേർന്ന് തേൻ വരിക്ക പ്ളാവിൻ തൈകൾ നട്ടു.
അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ആശ്രയ മുൻ രക്ഷാധികാരിയുമായിരുന്ന കെ.ഇ. മാമ്മന്റെ സ്മരണാർത്ഥം കെ.ഇ. മാമ്മൻ ഓർമ്മവൃക്ഷം എന്ന പേരിൽ സംസ്ഥാനത്ത് ഒട്ടാകെ ഒരുലക്ഷം ഫലവൃക്ഷ തൈകൾ നടും.
പവിത്രേശ്വരം ഗ്രാമീണ മാനവ ദാരിദ്ര്യ മുക്തികേന്ദ്രം ഗ്രാമീൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, നെഹ്രു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിലും പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ക്വിസ്, വൃക്ഷതൈ നടീൽ, തൈ വിതരണം, പരിസര ശുചീകരണം, മാലിന്യ നിർമ്മാർജ്ജന സെമിനാർ, ബോധവൽക്കരണ ക്ളാസ് എന്നിവയും നടന്നു. ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം
പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ പി.ആർ. മംഗളാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. രഘുനാഥ്, പി. ജയൻ, രമാദേവി അമ്മ, എസ്. ശ്രീകല, സീത എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ശ്രീക്കുട്ടി സ്വാഗതവും വനിതാ ലൈബ്രേറിയൻ ദീപ്തി കൃഷ്ണൻ നന്ദിയും പറഞ്ഞു.