mis
ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി കോൺഫറൻസ് ഹാളിൽ ചേർന്ന റെയിൽവേ പുറംമ്പോക്ക് നിവാസികളുടെ യോഗത്തിൽ മന്ത്രി കെ.രാജു സംസാരിക്കുന്നു.

പുനലൂർ: കുടിഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പുറംമ്പാേക്ക് നിവാസികളുടെ ഭൂമികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, റെയിൽവേ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

നിലവിൽ റെയിൽവേ ഗേജുമാറ്റത്തിനാവശ്യമായ ഭൂമി അധികൃതർ ഏറ്റെടുത്തു കഴിഞ്ഞു. ഇനി താമസക്കാരെ ഒഴിപ്പിക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ റെയിൽവേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ കോടതിയിൽ കക്ഷി ചേരുമെന്നും മന്ത്രി പറഞ്ഞു. പുനലൂർ-ചെങ്കോട്ട റെയിൽവേ വികസനത്തിനാവശ്യമായ ഭൂമി അധികൃതർ നേരത്തെ ഏറ്റെടുത്തതിനാൽ താമസക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പിന്നീട് സ്ഥലത്തെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

ആക്ഷൻ കൗൺസിൽ ചെയർമാനും ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റുമായ ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഉറുകുന്ന് കെ. ശശിധരൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. അജയപ്രസാദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള, പഞ്ചായത്ത് അംഗം സണ്ണി ജോസഫ്, നവമണി, തോമസ് മൈക്കിൽ, രാജേന്ദ്രൻനായർ, ശ്രീദേവി പ്രകാശ്, വി. ഉത്തമൻ, ഇടപ്പാളയം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.