പരവൂർ: തിരക്കുള്ള സമയങ്ങളിൽ പരവൂർ ജംഗ്ഷൻ കടന്നുകിട്ടാൻ പെടാപ്പാട് പെടുകയാണ് ജനങ്ങൾ. ജംഗ്ഷനിലെ അശാസ്ത്രീയ ട്രാഫിക് ഐലൻഡ്, അനധികൃത ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ പരവൂർ ജംഗ്ഷനെ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടിക്കുകയാണ്. മണിക്കൂറുകളാണ് പലരും ജംഗ്ഷനിൽ കുടുങ്ങിക്കിടക്കുന്നത്.
വാഹനങ്ങൾ ട്രാഫിക് നിയമം തെറ്റിക്കുന്നതും പ്രശ്നം സങ്കീർണ്ണമാക്കുകയാണ്. പാർക്കിംഗിന് പ്രത്യേക സ്ഥലമില്ലാത്തതിനാൽ ജംഗ്ഷനിൽ റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിംഗും രൂക്ഷമാകുകയാണ്. പാർക്കിംഗിനായി പൊലീസ് കോണുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങൾ പ്രത്യേകം മാർക്ക് ചെയ്‌തെങ്കിലും പിന്നീട് പല കോണുകളും അപ്രത്യക്ഷമാവുകയായിരുന്നു.
പരവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പരവൂർ പൊലീസ് വർഷങ്ങൾക്ക് മുമ്പ് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്ററിനെ (നാട്പാക്) സമീപിച്ചിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് നാട്പാക് അറിയിച്ചു. തുടർന്ന് നാട്പാക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
ജംഗ്‌ഷനിലെ ട്രാഫിക് ഐലൻഡ് വിസ്‌തൃതി കുറച്ച് മദ്ധ്യഭാഗത്തായി 11 കെ.വി ടവർ മാറ്റി സ്ഥാപിച്ച് ഹൈമാസ്റ്റ് വിളക്കുകൾ അതിൽ സ്ഥാപിച്ചാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കൂടുതൽ സ്ഥലം ലഭിക്കുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
നഗരസഭ ഇടപെടണം
പരവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇവിടത്തെ 11 കെ.വി. തൂൺ മാറ്റി സ്ഥാപിക്കുകയും വികസനത്തിന് തടസമായി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒറ്റമുറിക്കട പൊളിച്ചുമാറ്റുകയും വേണം.
ടി.എസ്. ലൗലി പുരയിടത്തിൽ (സെക്രട്ടറി, പരവൂർ മർച്ചന്റ്‌സ് അസോസിയേഷൻ)
ഓട്ടോ സ്റ്റാന്റുകൾ പുനഃക്രമീകരിക്കണം
ട്രാഫിക് സർക്കിളിന് ഇരുഭാഗങ്ങളിലെ ഓട്ടോ സ്റ്റാന്റ് അധികൃതർ ഇടപെട്ട് പുനഃക്രമീകരിക്കണം. റോഡുകളുടെ പല ഭാഗത്തായുള്ള സ്റ്റാന്റുകൾ മാറ്റി സ്ഥാപിക്കുകയും വേണം.
പി. ഗോപാലകൃഷ്ണൻ (നഗരസഭാ വികസനസമിതി അംഗം)