hospital-1
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസമ രാത്രിയിൽ അനുഭവപ്പെട്ട തിരക്ക്‌

കൊട്ടാരക്കര താലൂക്ക് ആശുപത്രി

ഡോക്ർമാർ: 21

നഴ്സുമാർ: 150

രാത്രി സേവനത്തിന്: 2 ഡോക്ടർമാർ

ഒ.പിയിൽ എത്തുന്നവർ:1000ൽ അധികം

കൊട്ടാരക്കര: ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ ആതുരാലയമാണെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മതിയായ ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ട്രോമാകെയർ യൂണിറ്റും ഡയാലിസിസ് സംവിധാനവുമുള്ള ഈ ഫസ്റ്റ് റഫറൽ ഹോസ്പിറ്റലിൽ നിലവിൽ 21 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. സേവന സന്നദ്ധരായി 150 ഓളം നഴ്സുമാരുമുണ്ട്. എന്നാൽ ഇവരിൽ നിന്ന് രാത്രികാല സേവനത്തിന് ലഭിക്കുന്നത് വിരലിലെണ്ണാവുന്ന ജീവനക്കാരെയാണ്.

രാത്രിയിൽ കാഷ്വാലിറ്റിയിലും വാർഡ് ഡ്യൂട്ടിക്കും ഓരോ ഡോക്ടർമാർ മാത്രമാണുള്ളത്. അപകടങ്ങളിൽ പരിക്കേറ്റ് എത്തിക്കുന്നവരെയും മറ്റ് അടിയന്തര സാഹചര്യങ്ങളേയും വാർഡിലുള്ള രോഗികളേയും എല്ലാം ഈ രണ്ടുപേർ തന്നെ നോക്കണം. കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും വേണ്ട സാഹചര്യത്തിലാണ് ഈ അവസ്ഥയെന്നതാണ് ഏറെ ശ്രദ്ധേയം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ നിലവിൽ പല കേസുകളും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കോ മറ്റ് ആശുപത്രികളിലേക്കൊ റഫർ ചെയ്യാറാണ് പതിവ്.

പനിക്കാലമായതിനാൽ പകൽ സമയത്ത് ഒ.പിയിൽ മാത്രം ആയിരത്തിലധികം രോഗികളാണ് ചികിത്സതേടി എത്തുന്നത്. ഇവരിൽ പലരെയും അഡിമിറ്റ് ചെയ്യാറുമുണ്ട്. ഇതിനോടൊപ്പമാണ് ഇരുന്നൂറിലധികം രോഗികൾ രാത്രികാലങ്ങളിൽ എത്താറുള്ളത്. ഇവരെയെല്ലാം പരിശോധിക്കുന്നതിന് നിലവിലുള്ള ഡോക്ടർമാർ നന്നേ കഷ്ടപ്പെടുകയാണ്. മഴക്കാലം കൂടി വിരുന്നെത്തുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. കാഷ്വാലിറ്റിയിൽചികിത്സയ്ക്കായി എത്തുന്ന ഏതെങ്കിലും രോഗിയെ ഡോക്ടർ പരിശോധിക്കുന്നതിനിടെ മറ്റേതെങ്കിലും കേസുകൾ എത്തിയാൽ പലപ്പോഴും ഏറെ വൈകിയാണ് ഇവർക്ക് ചികിത്സ ലഭിക്കുന്നത്. ഇതു പലപ്പോഴും ആശുപത്രി ജീവനക്കാരും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമാകാറുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും രാത്രികാലങ്ങളിൽ സേവനത്തിന് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം.

രാത്രികാലങ്ങളിൽ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. എന്നാൽ ഇത് അനുസരിച്ചുള്ള ജീവനക്കാർ ഇവിടെയില്ല. ഇതുകാരണം മണിക്കൂറുകളോളം രോഗികൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥ മാറണം.

ഇത് പരിഹരിക്കുന്നതിന് കൂടുതൽ ഡോക്ടർമാരെ നിയമിക്കണം.

പി.ആർ. ഉദയകുമാർ (എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖാ പ്രസിഡന്റ്)