കുണ്ടറ: രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് കുട്ടികൾക്ക് നൽകുന്ന മികച്ച വിദ്യാഭ്യാസമെന്നും അതിനാണ് ഇടതുപക്ഷ സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കേരളപുരം ഗവ. ഹൈസ്കൂളിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്തിന്റെയും സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടന കലപിലയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസരംഗത്ത് പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല അക്കാഡമിക്കൽ നിലവാരത്തിലുള്ള മികവാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷേർലി സത്യദേവൻ മുഖ്യപ്രഭാഷണം നടത്തി. ഫിലിം ആർട്ടിസ്റ്റ് സ്വരാജ് ഗ്രാമിക കുട്ടികൾക്കുള്ള സന്ദേശം നൽകി. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ടി.എസ്. മണിവർണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി എൻ. അനിൽകുമാർ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്. ലേഖ, വൈസ് പ്രസിഡന്റ് പി. ഉദയകുമാർ, ടി. ജയ്സൺ, ഹബീബ് മുഹമ്മദ്, ജസീന റഹീം, പി.ടി.എ പ്രസിഡന്റ് ജൂബി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ആർ.ബി. ലീലാകുമാരി സ്വാഗതം പറഞ്ഞു.