photo
ശാസ്താംകോട്ട- കൊട്ടാരക്കര റോഡിന്റെ നിർമ്മാണ ജോലികൾ പുനരാരംഭിച്ചപ്പോൾ

കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഇടപെട്ട് നിറുത്തിവയ്പിച്ച ശാസ്താംകോട്ട-കൊട്ടാരക്കര നീലേശ്വരം-കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ ജോലികൾ പുനരാരംഭിച്ചു. നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. ചീഫ് എൻജിനീയറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ലഭിച്ച മുറയ്ക്ക് അസി.എക്സി.എൻജിനീയറടക്കം താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കരാറുകാരെക്കൊണ്ട് നേരാംവണ്ണം ജോലി ചെയ്യിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് പ്രധാനമായും റിപ്പോർട്ടിൽ പരാമർശിച്ചത്. സെക്കന്റുകൾ ഇടവിട്ട് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് ആയതിനാൽ റോഡ് നിർമ്മാണം നിർത്തിവച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതന്നെ ഇടപെട്ട് നിർമ്മാണ ജോലികൾ തുടങ്ങാൻ നടപടിയെടുത്തത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 20.80 കോടി രൂപയ്ക്കാണ് റോഡ് നിർമ്മിക്കുന്നത്. അവണൂർ മുതൽ പുത്തൂരിന് സമീപംവരെ റോഡിന് വീതി കൂട്ടിയിരുന്നു. ചിലയിടങ്ങളിൽ താത്പര്യങ്ങളുടെ പേരിൽ വീതി കൂട്ടാഞ്ഞതും പരാതികൾക്ക് ഇടയാക്കിയിരുന്നു. മെറ്റലിംഗ് നടത്തി റോഡിന് നിരപ്പ് വരുത്തുന്ന ജോലികളും ഒപ്പംതന്നെ ടാറിംഗും നടന്നുവരികയാണ്.