കരുനാഗപ്പള്ളി: മൂടിയില്ലാത്ത ഓട കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. പുതിയകാവ്- കാട്ടിൽക്കടവ് റോഡിന്റെ വശങ്ങളിൽ നിർമ്മിച്ചിട്ടുള്ള ഓടകൾക്കാണ് കോൺക്രീറ്റ് മൂടിയില്ലാത്തത്. ഓടയ്ക്ക് മേൽ മൂടിയിടണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ നവീകരണം പൂർത്തിയായതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് ഇതു വഴി കടന്ന് പോകുന്നത്. റോഡിന് വീതി കുറവായതിനാൽ എതിർ ദിശയിലൂടെ വാഹനങ്ങൾ വന്നാൽ ഇരു വാഹനങ്ങളും കടന്ന് പോകാൻ വളരെ പണിപ്പെടേണ്ടിവരും. രാത്രിയിലാണ് കാൽനട യാത്രക്കാർക്ക് കൂടുതലും അപകടം പറ്റുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിനായി റോഡിന്റെ വശങ്ങളിലേക്ക് യാത്രക്കാർ നീങ്ങുമ്പോഴാണ് മൂടിയില്ലാത്ത ഓടയിൽ കാൽ വഴുതി വീഴുന്നത്. നിരന്തരമായി കാൽനട യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുമ്പോഴും ഓടയ്ക്ക് മൂടിയിടാനുള്ള നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. ഓടയുടെ നിർമ്മാണ സമയത്ത് കോൺക്രീറ്റ് മൂടിക്ക് കൂടി തുക എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കാത്തതാണ് പ്രശ്നമായത്. അപകടങ്ങൾ പതിയിരിക്കുന്ന ഓടയുടെ മേൽ കോൺക്രീറ്റ് മൂടി സ്ഥാപിച്ച് കാൽനട യാത്ര സുരക്ഷിതമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അപകടം
കാലവർഷം ആരംഭിക്കുന്നതോടെ ഓട പൂർണമായും പുൽക്കാടുകൾ കൊണ്ട് മൂടപ്പെടും. പിന്നെ ഓട ശ്രദ്ധയിൽപ്പെടാത്തതിനാൽ റോഡിന്റെ വശങ്ങളിലൂടെ പകൽ സമയത്ത് നടക്കുന്നവർ പോലും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുണ്ട്.