കൊല്ലം: കാപ്പെക്‌സ് തോട്ടണ്ടി ഇടപാടിലെ അഴിമതി അന്വേഷിക്കുന്ന സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നാലുടൻ സി.പി.എമ്മും ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് സൂചന. മാനേജിംഗ് ഡയറക്‌ടർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിനൊപ്പമാണ് ധനകാര്യ വിഭാഗത്തെ പരിശോധനയ്‌ക്ക് ചുമതലപ്പെടുത്തിയത്. സമഗ്രാന്വേഷണം ലക്ഷ്യമിട്ടാണ് എം.ഡിയുടെ ചുമതല ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് നൽകിയത്.
നാടൻ തോട്ടണ്ടി സംഭരണത്തിൽ സർക്കാർ വില നിർണയ കമ്മിറ്റി അംഗീകരിച്ച തുകയിലും കൂടിയ വില നൽകി തോട്ടണ്ടി വാങ്ങിയതും കാഷ്യു ബോർഡിന്റെ പക്കൽ സാധനം സ്‌റ്റോക്ക് ഉണ്ടായിട്ടും ഇതുവാങ്ങാതെ സ്വകാര്യ വിതരണക്കാരിൽ നിന്ന് തോട്ടണ്ടി വാങ്ങിയ നടപടിയുമാണ് എം.ഡി യുടെ സസ്‌പെൻഷനിൽ കലാശിച്ചത്.
എന്നാൽ എം.ഡി യുടെ കസേര തെറിച്ച സംഭവത്തിൽ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സിന്റെ പങ്കിനെക്കുറിച്ച് സി.പി.എമ്മിൽ അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.വസന്തനാണ് കാപ്പെക്‌സ് ചെയർമാൻ.
പഴയ കണക്ക് തീർക്കാൻ സി.ഐ.ടി.യു വിഭാഗം
കശുഅണ്ടി മേഖലയിലെ പ്രശ്‌നങ്ങളായിരുന്നു പണ്ട് കൊല്ലം ജില്ലയിലെ പാർട്ടിയിൽ വി.എസ് - സി.ഐ.ടി.യു ഗ്രൂപ്പുകളുടെ ബലപരീക്ഷണങ്ങൾക്ക് അജണ്ടയായതും സി.ഐ.ടി.യു വിഭാഗത്തിന്റെ തകർച്ചയ്‌ക്ക് കാരണമായതും. അതിനാൽ പ്രശ്‌നം ആളിക്കത്തിക്കാൻ പഴയ സി.ഐ.ടി.യു വിഭാഗം രംഗത്തെത്തുമെന്നാണ് സൂചന. വി.എസ് വിഭാഗവും ആയുധം തേച്ചുമിനുക്കുകയാണത്രേ. രണ്ടാം നായനാർ മന്ത്രിസഭയുടെ കാലത്ത് കെ.ആർ.ഗൗരിഅമ്മ വ്യവസായ മന്ത്രിയായിരുന്നപ്പോൾ അന്നത്തെ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എൻ.പത്മലോചനനെതിരെ തോട്ടണ്ടി ഇടപാടിൽ ആക്ഷേപം ഉയർന്നിരുന്നു. പാർട്ടി അന്വേഷണത്തിലും സർക്കാർ ഏജൻസികളുടെ പരിശോധനയിലും പത്മലോചനനെതിരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും 1992ൽ കൊല്ലത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മത്സരം സംഘടിപ്പിച്ച് വി.എസ് പക്ഷം അദ്ദേഹത്തെ പുറത്താക്കി. വി.എസ് പക്ഷത്തിന് വേണ്ടി കൊല്ലത്ത് നിന്ന് തന്നെയുള്ള പി.രാജേന്ദ്രനായിരുന്നു അന്ന് കമ്മിറ്റിയിലെത്തിയത്. ഔദ്യോഗിക പാനലിലെ ഒരാൾ തോൽക്കുന്നത് സി.പി.എം സംസ്ഥാന സമ്മേളന ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. ഇന്ന് സമവാക്യങ്ങൾ മാറി മറിഞ്ഞു. അന്ന് സി.ഐ.ടി.യു പക്ഷത്തിനെതിരെയുള്ള നാവായിരുന്നു മുൻ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ കാപ്പെക്‌സ് ചെയർമാൻ പി.ആർ.വസന്തൻ.