തൊടിയൂർ: കൂട്ടായ്മയുടെ ബലത്തിൽ കല്ലേലിഭാഗം തൊടിയൂർ യു.പി.എസിന് ഉയിർത്തെഴുന്നേൽപ്പ്. വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് മൂലം അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ സ്കൂൾ, അദ്ധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് തുടർന്നും തലയെടുപ്പോടെ അറിവിന്റെ വെളിച്ചം വീശാനൊരുങ്ങുകയാണ്. 1957ലാണ് തൊടിയൂർ യു.പി.എസ് സ്ഥാപിതമായത്. നൂറുകണക്കിന് വിദ്യാർത്ഥികളും ഒട്ടേറെ ഡിവിഷനുകളുമുണ്ടായിരുന്ന ഈ സ്കൂൾ സമീപകാലത്താണ് കുട്ടികളില്ലാതെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന ആറ് അദ്ധ്യാപകർ പ്രൊട്ടക്ഷനോടെ മറ്റ് സ്കൂളുകളിലേക്ക് പോയി. കഴിഞ്ഞ വർഷം അഞ്ചാം ക്ലാസിലെത്തിയത് അഞ്ച് വിദ്യാർത്ഥികൾമാത്രമാണ്. എല്ലാ ക്ലാസുകളിലുമായി അറുപതിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്.
കാര്യങ്ങൾ കുഴപ്പത്തിലേയ്ക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രഥമാദ്ധ്യാപികയും സഹഅദ്ധ്യാപകരും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ആർ. രാമചന്ദ്രൻ എം.എൽ.എയെയും നാട്ടിലെ സാമൂഹ്യ പ്രവർത്തകരെയും സമീപിച്ചു. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു. തുടർന്ന് പ്രദേശത്തെ രക്ഷാകർത്താക്കളുടെയും യോഗം വിളിച്ചുകൂട്ടി. ഇവർക്കും കുട്ടികൾക്കുമായി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. സമിതി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കണമെന്ന് അഭ്യർത്ഥിച്ചു. തുറന്നമനസോടെ രക്ഷാകർത്താക്കൾ അഭ്യർത്ഥന സ്വീകരിച്ചപ്പോൾ അഞ്ചാം ക്ലാസിലേക്ക് എത്തിയത് 74 വിദ്യാർത്ഥികൾ. ആറാം ക്ലാസിലേക്ക് മൂന്ന് കുട്ടികളും എത്തി.
കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഇതിനോടകം മാനേജ്മെന്റും ഉണർന്നു പ്രവർത്തിച്ചു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജീകരിച്ചു. ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളൂം സർക്കാർ അനുവദിച്ചു. അഞ്ച് ക്ലാസ് മുറികൾ ഹൈടെക്കാക്കുകയും ചെയ്തു. ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി. പ്രൊട്ടക്ഷനിൽ പോയ മൂന്ന് അദ്ധ്യാപകർ ഉടൻ തന്നെ സ്കൂളിലേക്ക് തിരികെയെത്തും.
ഉത്സവ പ്രതീതിയോടെയാണ് സ്കൂളിലെ പ്രവേശനോത്സവം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തത്.