photo
മലിന ജലം കെട്ടിനിൽക്കുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം മാലിന്യം മൂലം വൃത്തിഹീനമാകുന്നു. ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന് സമീപം മലിനജലം കെട്ടിനിൽക്കുകയാണ്. ഇതിന് സമീപത്തു തന്നെയാണ് മുറിവുകളിൽ മരുന്ന് വച്ചുകെട്ടുന്നതിനുള്ള ഡ്രസിംഗ് റൂം പ്രവർത്തിക്കുന്നത്. അണുബാധയുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലമായിട്ടുകൂടി മാലിന്യം നീക്കം ചെയ്യുന്നതിന് അധികൃതർ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആശുപത്രിയുടെ പിന്നാമ്പുറം കാട് മൂടിക്കിടന്ന് നശിക്കുകയാണ്. കിടത്തിച്ചികിത്സയ്ക്കുള്ള മുറികളിലും വാർഡുകളിലും ജനലുകളും വാതിലുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. സ്ത്രീകളെയും ശസ്ത്രക്രിയ കഴിഞ്ഞ പുരുഷൻമാരെയും കിടത്തുന്ന വാർഡിൽ തറയിൽ പാകിയ ടൈലുകൾ മുക്കാൽപങ്കും ഇളകിമാറിയതിനാൽ രോഗികളെ വീൽച്ചെയറിലും സ്ട്രച്ചസിലും കൊണ്ടുവരുന്നതുപോലും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ആശുപത്രി വികസനത്തിന് കോടികൾ ചെലവിടുമ്പോഴും പരിസര ശുചിത്വം പാലിക്കപ്പെടുന്നില്ലെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ പരാതി.

ബി.ജെ.പി ഉപരോധം

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭാ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ഉപരോധ സമരം സംഘടിപ്പിച്ചു. എച്ച്.എം.സി യോഗം നടക്കുന്ന സമയത്താണ് സമരക്കാരെത്തിയത്. പ്രവർത്തകർ യോഗം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയത് നേരിയ സംഘർഷത്തിനിടയാക്കി. നഗരസഭാ സമിതി പ്രസിഡന്റ് അനീഷ്, ദീപു, സുരേഷ് അമ്പലപ്പുറം എന്നിവർ നേതൃത്വം നൽകി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ഇവിടെ നിന്ന് നീക്കം ചെയ്തത്.