കൊല്ലം: നഗരസഭയുടെ അനാസ്ഥ മൂലം കൊല്ലം എസ്.എൻ ട്രസ്റ്റ് സ്‌കൂൾ വിദ്യാർത്ഥികൾ അപകടഭീഷണിയിൽ. പുനർനിർമ്മാണത്തിനായി രണ്ട് മാസം മുമ്പ് നീക്കം ചെയ്ത സ്കൂളിന് മുന്നിലെ ഓടയുടെ മേൽമൂടികൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സ്കൂൾ തുറപ്പ് ദിവസമായ ബുധനാഴ്ച ഒരു രക്ഷാകർത്താവ് കാൽവഴുതി ഈ ഓടയിലേക്ക് വീഴുകയുണ്ടായി. ഇന്നലെ തൊട്ടടുത്ത മറ്റൊരു സ്ഥാപനത്തിലെ വിദ്യാർത്ഥിയും ഓടയിൽ വീണ് കാലിന് സാരമായി പരിക്കേറ്റിരുന്നു.
എസ്.എൻ കോളേജ് ജംഗ്ഷൻ മുതൽ കർബല വരെയുള്ള റോഡിന്റെ ഒരു വശത്തെ ഓടയുടെ മേൽമൂടി വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മേൽമൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്. മേൽമൂടികൾ ഇളക്കി മാറ്റിയെങ്കിലും പുതിയത് സ്ഥാപിക്കൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കുറച്ച് ഭാഗത്ത് മേൽമൂടി സ്ഥാപിച്ചെങ്കിലും എസ്.എൻ ട്രസ്റ്റ് സ്കൂളിന്റെ മുൻഭാഗത്തേക്ക് അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. മേൽമൂടി സ്ഥാപിക്കൽ നീട്ടിക്കൊണ്ടുപോയാൽ കരാർ റദ്ദാക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ യാതൊരു അനക്കവുമില്ല.
ഓടയ്‌ക്കുള്ളിലെ മാലിന്യം നീക്കം ചെയ്യാതെ ചില ഭാഗങ്ങളിൽ മേൽമൂടി സ്ഥാപിച്ചത്. ഇക്കാരണത്താൽ ഇതുവഴി മൂക്ക് പൊത്താതെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്.