ludifer

കൊല്ലം: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ചിത്രങ്ങൾ ഇനി വൃക്ഷങ്ങളായി പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ വളരും. മോഹൻലാലിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ നല്ലില ഏരിയാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ 'മഞ്ഞിൽ വിരിഞ്ഞ ലൂസിഫർ' പദ്ധതിയുമായി പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികൾ. പ്രിയനടന്റെ ഓരോ വയസും പ്രതിനിധാനം ചെയ്ത് ഓരോ വൃക്ഷത്തൈകൾ കുട്ടികളെക്കൊണ്ട് സ്‌കൂളിൽ നട്ടുവളർത്തുന്നതാണ് പദ്ധതി. ഓരോ വൃക്ഷത്തൈയ്ക്കും മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പേരുകളും നൽകി.

നല്ലില സെന്റ് മേരീസ് ചർച്ചിലെ ഫാദർ റെജി കല്ലതേരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആർ. ശങ്കർ മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മാസ്​റ്റർ ജി.എസ്. സുനിൽ, ഫാൻസ് അസോസിയേഷൻ യൂണി​റ്റ് പ്രസിഡന്റ് കൃഷ്ണദാസ്, സെക്രട്ടറി വിഷ്ണു, അദ്ധ്യാപകരായ ലൂണ, ജി. അതുൽ മുരളി എന്നിവർ സംസാരിച്ചു. ഫാൻസ് അസോസിയേഷൻ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് 59 വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. യൂണി​റ്റ് അംഗങ്ങളായ ജിബിൻ, രാകേഷ്, കിത്തു, ശ്രീരാഗ്, രാകേഷ്, അഖിൽ, വിഷ്ണു, അഖിലേഷ്, അഭിരാം, ശ്രാവൺ എന്നിവർ നേതൃത്വം നൽകി. പ്രകൃതിയെ സ്‌നേഹിക്കുന്ന ഇത്തരം ആഘോഷങ്ങളാണ് പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് സ്‌കൂൾ മാനേജർ എൻ. വിനോദ് ലാൽ പറഞ്ഞു.