plr
പുനലൂർ മാർക്കറ്റ് റോഡിൽ അനുഭവപ്പെട്ട ഗതാഗതകുരുക്കും, ജനത്തിരക്കും.

പുനലൂർ: ടൗണിന് സമീപത്തെ സമാന്തര പാതകളുടെ നവീകരണം പൂർത്തിയാക്കിയിട്ടും ഗതാഗതക്കുരുക്ക് അഴിയാത്തത് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രികരെ വലയ്ക്കുന്നു. ദേശീയപാത കടന്ന് പോകുന്ന പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകളിൽ പോകാൻ പുനലൂർ ടൗണിലെത്തുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കമുള്ളവരാണ് ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വലയുന്നവരിലേറെയും. ടൗണിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് കടന്ന് പോകുന്ന 6 സമാന്തര പാതകൾ നവീകരിച്ച് വൃത്തിയാക്കിയെങ്കിലും ഗതാഗതക്കുരുക്ക് ഒരുമാറ്റവുമില്ലാതെ തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഗതാഗതത്തിരക്കിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ ആവശ്യത്തിന് ട്രാഫിക് പൊലീസുകാരെ നിയമിക്കാത്തതിനാൽ നിലവിലുള്ള ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കെ.എസ്.ആർ.ടി.സി, പോസ്റ്റ് ഓഫീസ് എന്നീ രണ്ട് ജംഗ്ഷനുകളിൽ മാത്രമാണ് ഡ്യൂട്ടിക്കായി രണ്ട് ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12വരെയും, വൈകിട്ട് 4 മുതൽ 6 വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഈ സമയത്ത് പാതയോരത്തൂടെയുള്ള കാൽനടയാത്ര പോലും ദുസഹമാണ്. പഴയ വൺവേ സംവിധാനം പുനസ്ഥാപിക്കുകയും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ആവശ്യത്തിന് ട്രാഫിക് പൊലീസിനെ നിയമിക്കുകയും ചെയ്താൽ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ തടയാനാകും. ഇതോടൊപ്പം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി 25 വർഷം മുമ്പ് പണിത വെട്ടിപ്പുഴയിലെ എം.എൽ.എ റോഡ് വഴി വാഹനങ്ങൾ കയറ്റിവിട്ടാലും നിലവിലുള്ള ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും.

 15 വർഷമായി ടൗണിൽ തുടർന്ന് വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്ന് മാസം മുമ്പ് 2.15 കോടി രൂപ ചെലവഴിച്ച് പാതയോരങ്ങൾ നവീകരിക്കുകയും നടപ്പാത നിർമ്മിക്കുകയും ചെയ്തു. ഇത് കൂടാതെ തകർന്ന് കിടന്നിരുന്ന എം.എൽ.എ റോഡ് അടക്കമുള്ള 6 സമാന്തര പാതകൾ നവീകരിച്ചിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. അധികൃതരുടെ അനാസ്ഥയും അലംഭാവവുമാണ് ഇതിന് കാരണം.ഗതാഗാതക്കുരുക്ക് പരിഹരിക്കാൻ കഴിഞ്ഞ വർഷം സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ സന്നിദ്ധ്യത്തിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഇത് പ്രവർത്തന രഹിതമായത് മൂലമാണ് ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായത്.

(എ.കെ. നസീർ, പൊതുപ്രവർത്തകൻ, പുനലൂർ)

വൺവേ സംവിധാനം

സമാന്തര പാതകളുടെ നവീകരണം പൂർത്തിയാക്കിയിട്ടും ടൗണിലെ വൺവേ സംവിധാനം പുനഃസ്ഥാപിക്കാത്തതാണ് ഗതാഗതക്കുരുക്കിന്റെ ഏറ്റവും പ്രധാന കാരണം. നേരത്തേ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്ന കച്ചേരി, ചൗക്ക, രാംരാജ്, മാർക്കറ്റ് എന്നീ റോഡുകളിൽ ഇത് പുനസ്ഥാപിക്കാൻ പൊലീസോ നഗരസഭാ അധികൃതരോ തയ്യാറാകാത്തതാണ് ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ഇതിന് പുറമേ പാതയോരങ്ങളിൽ ചരക്ക് ലോറികൾ പാർക്ക് ചെയ്ത് ലോഡ് കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

 നവീകരിച്ചത് 6 സമാന്തര പാതകൾ

 ചെലവാക്കിയത് 2.15 കോടി രൂപ