പരവൂർ: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടിക്കിടെ അക്രമം നടത്തുകയും കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അക്രമം നടത്തിയ സി.പി.എം ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്ത പക്ഷം രൂക്ഷമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരവൂർ കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫിസിന് മുന്നിലെത്തിയപ്പോൾ ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. മാർച്ചിനെ നേരിടാൻ ജലപീരങ്കി ഉൾപ്പടെയുള്ള സന്നാഹങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും എ.സി.പിയും ഉൾപ്പെടെ സ്ഥലത്തെത്തി.
ഉദ്ഘാടന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ എസ്. രമണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ജയചന്ദ്രൻ, നെടുങ്ങോലം രഘു, പരവൂർ സജീബ്, എം. ഷുഹൈബ്, ചാത്തന്നൂർ മുരളി, ബിജു പാരിപ്പള്ളി, റാംമോഹൻ, ജെ. ഷെരീഫ്, പരവൂർ മോഹൻദാസ് എന്നിവർ സംസാരിച്ചു. സുഭാഷ് പുളിക്കൽ, ശ്രീലാൽ, സിസിലി സ്റ്റീഫൻ, സാജൻ, സജി സജിഗത്തിൽ, സുരേഷ് ഉണ്ണിത്താൻ, അനിൽകുമാർ, ബാബു നെല്ലേറ്റിൽ, വി.കെ. സുനിൽകുമാർ, കെ. മോഹനൻ, ഷൈജു ബാലചന്ദ്രൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.