നിങ്ങൾ ഒരു പ്രകൃതി സ്‌നേഹിയാണോ? പ്രകൃതിയുടെ ഭംഗി കണ്ട് മതിമറക്കുന്നവർക്ക് ഒരു അത്ഭുതം സൂക്ഷിച്ചുവച്ചിട്ടുണ്ട് ഫ്രാൻസിലെ അട്രാപ് റീവ്‌സ് എന്ന ഹോട്ടലുകാർ. അതായത് കുമിള വീടുകൾ. ചുറ്റും നോക്കിയാൽ ഇലകളും പൂക്കളും കൊണ്ട് സമൃദ്ധം. നാല് ബെഡ് റൂമുകളുണ്ട് കുമിളവീടിന്. പൂർണമായും സുതാര്യമായ ഇതിനകത്തുകൂടി പകൽസമയം ചെടികളേയും പൂമ്പാറ്റകളേയും കാണാം. രാത്രി ആകാശത്ത് നക്ഷത്രങ്ങളേയും നോക്കി കിടക്കാം. അതിഥികളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി ഓരോ മുറികളുടെ ചുറ്റിനും മനോഹരമായ പൂന്തോട്ടം വച്ചുപിടിപ്പിച്ചിരിക്കുന്നു. ഓരോ കുമിള വീടിനകത്തും വൈ ഫൈ സൗകര്യവും കോഫി മെഷീനും ചെറിയ ബാറും സെറ്റ് ചെയ്തിട്ടുണ്ട്. ചൂട് അധികം ഏൽക്കാതിരിക്കാൻ എ.സിയും പണിതിട്ടുണ്ട്. ദ്വീപിനകത്തുതന്നെ സ്പാ മസാജ് സെന്ററുമുണ്ട്. രണ്ടുപേർക്ക് കിടക്കാനുള്ള മെത്തയും മേശയും സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള അറകളും ഇതിൽ ഒരുക്കിയിരിക്കുന്നു. വളർത്തുമൃഗങ്ങളെ സൂക്ഷിക്കാനും പ്രത്യേക അറകളുണ്ട്. 100 പൗണ്ടാണ് ഈ വീടിന്റെ ഒരു ദിവസത്തെ വാടക.