trolling
ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി കരയ്ക്കെത്തിയ മത്സ്യ ബന്ധന ബോട്ടുകളിലെ വലകൾ വൃത്തിയാക്കുന്ന തൊഴിലാളികൾ. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച

 ജില്ലയിൽ 1350 ബോട്ടുകൾക്ക് കടലിൽ പോകാനാകില്ല

കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാല സംരക്ഷണത്തിനായി ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസം യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധനം തടയും. രാത്രി 12 ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ കൂറ്റൻ ചങ്ങലകൾ ബന്ധിച്ച് വിസിൽ മുഴക്കുന്നതോടെയാണ് ട്രോളിംഗ് നിരോധനം നിലവിൽ വരുന്നത്. ജില്ലയിൽ രജിസ്റ്റർ ചെയ്‌ത 1350 ബോട്ടുകൾ അതിന് മുമ്പായി നീണ്ടകര പാലത്തിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റും.

കടൽ രക്ഷാ പ്രവർത്തനവും നിരീക്ഷണവും ശക്തമാക്കാൻ നീണ്ടകരയിലും തങ്കശ്ശേരിയിലും അഴീക്കലിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളും സജ്ജമാണ്. 25 പൊലീസ് ഉദ്യോഗസ്ഥർ, 14 ലൈഫ് ഗാർഡുകൾ എന്നിവരുടെ സേവനവും കൺട്രോൾ റൂമുകളിൽ നിന്ന് ലഭിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഗീതാകുമാരി, മറൈൻ എൻഫോഴ്‌സ്‌മെന്റ് സി.ഐ എസ്.എസ്. ബൈജു, എസ്.ഐ എ.എസ്. സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ അവസാന ഘട്ട പരിശോധനകളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്.

 രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങൾക്ക് പിടി വിഴും

രജിസ്ട്രേഷൻ ഇല്ലാതെയും ലൈസൻസ് പുതുക്കാതെയും മത്സ്യബന്ധനത്തിനിറങ്ങുന്ന വള്ളങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കും. ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ബോയ്, ജാക്കറ്റ് എന്നിവ ഇല്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെയും കെ.എം.എഫ്.ആർ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും.

 ചെറുമത്സ്യങ്ങളെ പിടിക്കുന്ന വള്ളങ്ങൾക്കെതിരെ നടപടി

 രണ്ട് വള്ളങ്ങൾ ഒരുമിച്ച് നടത്തുന്ന മത്സ്യബന്ധനം തടയും

 മത്സ്യബന്ധന തൊഴിലാളികൾ ബയോമെട്രിക് കാർഡ് കരുതണം

 അയൽ സംസ്ഥാന തൊഴിലാളികളുടെ കയ്യിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടാകണം

 തൊഴിലാളികൾ ലൈഫ് ജാക്കറ്റും ലൈഫ് ബോയയും കടലിൽ കൊണ്ടുപോകണം.

കൺട്രോൾ റൂമുകളിലെ ഫോൺ നമ്പരുകൾ. നീണ്ടകര: 94476 46268, തങ്കശ്ശേരി: 918875703,6 അഴീക്കൽ: 91887 87036