commissioner-
ഓഫീസിൽ നിന്ന് യാത്ര പറഞ്ഞിറങ്ങും മുൻപ് മുൻ കമ്മിഷണർ പി.കെ.മധു തോട്ടക്കാരൻ ഗോപാലകൃഷ്‌ണനൊപ്പം

കൊല്ലം: എട്ട് മാസത്തിനുള്ളിൽ കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മനസിൽ ആഴത്തിൽ വേരുറപ്പിച്ചാണ് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പി.കെ.മധു തൃശൂരിലേക്ക് പോകുന്നത്. കഴിഞ്ഞ ആഗസ്റ്റ് 8ന് തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് കൊല്ലത്തെത്തിയ അദ്ദേഹം തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായാണ് മടങ്ങി പോകുന്നത്. ക്രമസമാധാന പാലനത്തിനൊപ്പം കമ്മിഷണർ ഓഫീസിന്റെയും വിവിധ പൊലീസ് സ്റ്റേഷനുകളുടെയും വളപ്പിൽ വൃക്ഷതൈകൾ നട്ട് പരിപാലിക്കാൻ അദ്ദേഹം നേരിട്ടിറങ്ങി മാതൃകയായി.

കമ്മിഷണർ ഓഫീസിലെ തോട്ടക്കാരൻ ഗോപാലകൃഷ്‌ണനും പൊലീസ് ഉദ്യോഗസ്ഥരും കമ്മിഷണർക്ക് ഒപ്പം കൂടി. ചാത്തന്നൂർ ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് പിന്തുണയുമായി പച്ചപ്പിന് വേരുറപ്പിക്കാനിറങ്ങി. ഇന്നലെ പുതിയ കമ്മിഷണർക്ക് അധികാരം കൈമാറി പി.കെ. മധു മടങ്ങുമ്പോൾ തോട്ടക്കാരൻ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ പലരുടെയും കണ്ണ് നിറഞ്ഞു.

ജില്ലാ പൊലീസ് മേധാവി അധികാരത്തിന്റെ തലപ്പാവുകളെല്ലാം മാറ്റി വച്ച് തന്റെ ഓഫീസിലെ പൂന്തോട്ട പരിപാലകനെ ചേർത്ത് നിറുത്തി ചിത്രമെടുത്ത് വികാര നിർഭരമായി യാത്ര പറഞ്ഞിറങ്ങിയതും ശ്രദ്ധേയമായി. ചുമതലയൊഴിയുന്നതിന് അൽപ്പം മുൻപ് ലഭിച്ച പരാതി വിശദമായ അന്വേഷണത്തിനും നടപടികൾക്കുമായി എ.സി.പിക്ക് കൈമാറി. കൊല്ലം ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നൽകിയതിന് പിന്നാലെ നഗരത്തിൽ അപകട നിരക്ക് വൻതോതിൽ ഉയർന്നപ്പോൾ ക്രിയാത്മകമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. പ്രത്യേക പരിശോധനകളും നിയന്ത്രണങ്ങളും ഏ‌ർപ്പെടുത്തി അപകടത്തിന്റെ തോത് കുറച്ചു. തൃശൂരിലേക്ക് മടങ്ങുമ്പോൾ കൊല്ലത്തെക്കുറിച്ചുള്ളത് നല്ല ഓർമ്മകൾ മാത്രമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.