റൂറൽ എസ്.പിയായി ഹരിശങ്കർ അടുത്തയാഴ്‌ച ചുമതലയേൽക്കും
കൊല്ലം: സിറ്റി പൊലീസ് കമ്മിഷണറായി മെറിൻ ജോസഫ് ചുമതലയേറ്റു. ഇന്നലെ ഉച്ചയോടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ മെറിൻ ജോസഫിനെ സ്ഥാനമൊഴിയുന്ന കമ്മിഷണർ പി.കെ. മധു സ്വീകരിച്ചു. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് മെറിൻ. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് ചുമതലയേറ്റതിന് പിന്നാലെ മെറിൻ ജോസഫ് പറഞ്ഞു. പി.കെ.മധുവിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ച ഒഴിവിലാണ് റെയിൽവെ എസ്.പി ആയിരുന്ന മെറിൻ ജോസഫിന് നിയമനം നൽകിയത്. മാതാപിതാക്കൾ മലയാളികളാണെങ്കിലും മെറിൻ ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്.
റൂറൽ എസ്.പിയായി നിയമിതനായ കോട്ടയം റൂറൽ എസ്.പി ഹരിശങ്കർ 17 ന് ചുമതലയേൽക്കാനാണ് സാദ്ധ്യത. കെവിൻ വധക്കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനാൽ ചൊവ്വാഴ്ച മാത്രമേ അദ്ദേഹം കോട്ടയത്തെ ചുമതല ഒഴിയുകയുള്ളൂ. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ നൽകിയ പീഡന പരാതി, കെവിൻ വധക്കേസ് എന്നിവയുടെയെല്ലാം സുപ്രധാന അന്വേഷണം നടത്തിയത് ഹരിശങ്കറിന്റെ നേതൃത്വത്തിലാണ്.