കൊല്ലം: ആരോഗ്യ മേഖലയിൽ പ്രകൃതി ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് പ്രമുഖ പ്രകൃതി ചികിത്സാ വിദഗ്‌ദ്ധൻ ഡോ. ജയകുമാർ അഭിപ്രായപ്പെട്ടു. സീനിയർ ജേർണലിസ്റ്റ് യൂണിയന്റെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെയും ആഭിമുഖ്യത്തിൽ ചടയമംഗലം കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പ്രകൃതിജീവന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പ്രകൃതി ജീവന ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ മൗനം പാലിക്കുന്നു. പ്രകൃതി ജീവന ചികിത്സാ സമ്പ്രദായം ഊന്നൽ നൽകുന്നത് രോഗപ്രതിരോധത്തിനാണെന്നും പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് അതിലൂടെ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കെ. രാജൻബാബു ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. പി.ജി. പണിക്കർ ക്ലാസെടുത്തു. സമാപന സമ്മേളനത്തിൽ മുല്ലക്കര രത്‌നാകരൻ എം.എൽ.എ, ഗാന്ധിയൻ സ്റ്റഡീസ് ദേശീയ അദ്ധ്യക്ഷൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണപിള്ള, ബി. സുരേന്ദ്രൻ, വി.എസ്. ജനാർദ്ദനൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പരേതനായ ഗാന്ധിയൻ കുട്ടൻപിള്ളയുടെ മകൾ കെ.ജി. ശാന്ത, ടി.എസ്. മഞ്ചേഷ്‌കുമാർ, ഭേഷജം പ്രസന്നകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.