satheesan
കൊല്ലം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന വി. സതീശന്റെ ശിൽപ്പ പ്രദർശനത്തിൽ ശിൽപ്പം നോക്കിക്കാണുന്ന എം. മുകേഷ് എം.എൽ.എ. ശിൽപ്പി വി. സതീശൻ സമീപം

കൊല്ലം: ജീവിതാനുഭവങ്ങളുടെ സമാനതകളില്ലാത്ത യാഥാർത്ഥ്യങ്ങളെ കുറിച്ചാണ് ആശ്രാമം 8 പോയിന്റ് ആർട്ട് കഫേയിൽ പ്രദർശനത്തിലുള്ള ശിൽപ്പങ്ങൾ കാഴ്‌ചക്കാരോട് സംവദിക്കുന്നത്. കരിങ്കൽ, വെങ്കലം, ഫൈബർ ഗ്ലാസ് എന്നിവയിൽ നിർമ്മിച്ച ഇത്തരം 22 ശിൽപ്പങ്ങളുമായി കൊല്ലത്ത് പ്രദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി വി. സതീശനും ശ്രദ്ധ നേടുകയാണ്.

വെള്ളപ്പൊക്കം, കലാകാരന്റെ ജനനം, നിശബ്ദമായ നിലവിളി തുടങ്ങിയവയാണ് സതീശന്റെ കരിങ്കൽ ശിൽപ്പങ്ങൾക്ക് പ്രമേയമായത്. ഡൽഹിയിലെ പഠനകാലത്തെ അനുഭവങ്ങളാണ് പല ശിൽപ്പങ്ങളുടെയും പിറവിക്ക് പിന്നിൽ. 15 വർഷം കൊണ്ട് നിർമ്മിച്ച ശിൽപ്പങ്ങളാണ് പ്രദർശന നഗരിയിലുള്ളത്. സൈക്കിളിന് പിന്നിൽ നായയെ കയറ്റി പ്രളയജലം താണ്ടി പോകുന്നയാളുടെ ശിൽപ്പം നിർമ്മാണ കാലത്ത് തന്നെ ജനകീയ ശ്രദ്ധ നേടിയിരുന്നു. വെങ്കലത്തിലും ഫൈബറിലുമാണ് ഇത് നിർമ്മിച്ചത്. പ്രളയം ബാക്കിയാക്കുന്ന ദുരിതാനുഭവങ്ങളെ കാഴ്ചക്കാരനിലേക്ക് സന്നിവേശിപ്പിക്കാൻ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള ശിൽപ്പങ്ങൾക്ക് കഴിയുന്നുണ്ട്.

കന്യാകുമാരി ജില്ലയിലെ മയിലാടിയിൽ നിന്ന് എത്തിക്കുന്ന വ്യത്യസ്‌ത നിറത്തിലുള്ള കരിങ്കല്ലുകൾ ഉപയോഗിച്ചാണ് ശിൽപ്പങ്ങളിലേറെയും നിർമ്മിച്ചത്. വിദേശ രാജ്യങ്ങളിലടക്കം തന്റെ ശിൽപ്പങ്ങളുമായി നിരവധി തവണ പ്രദർശനം നടത്തിയ സതീശൻ തനിച്ച് നടത്തുന്ന 13-ാമത്തെ പ്രദർശനമാണ് കൊല്ലത്തേത്. കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് ശിൽപ്പകലയെ അദ്ദേഹം തന്റെ ജീവിതത്തിനൊപ്പം ചേർത്തത്.

രാവിലെ 10 മുതൽ രാത്രി 8 വരെ ശിൽപ്പങ്ങൾ കാണാൻ അവസരമുണ്ട്. പ്രദർശനം നാളെ സമാപിക്കും.