കൊല്ലം: പ്രളയത്തിൽ സർവതും നശിച്ചവർക്ക് ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ചത് പത്തോളം വീടുകൾ. 'ബാക്ക് ടു ഹോം' എന്ന ആശയത്തിലൂടെ അഞ്ചു വീടുകളിൽ കുടുംബങ്ങൾ താമസമായി. നാലു വീടുകൾ ഉടൻ കൈമാറും.
പ്രളയത്തിൽ പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ട കുരുന്നുകൾക്ക് ഒരു കൈ സഹായവുമായാണ് ടി.കെ.എം കോളേജിലെ ഒരു സംഘം രംഗത്ത് എത്തിയത്. കുട്ടികൾക്ക് 1200 രൂപയുടെ പുസ്‌തകങ്ങളും ബാഗുകളും അടങ്ങുന്ന കിറ്റ് വിതരണമായിരുന്നു ലക്ഷ്യം. കാര്യത്തോട് അടുത്തപ്പോൾ, കയറി കിടക്കാൻ ഇടമില്ലാത്തവർ പുസ്‌തകങ്ങളുമായി എവിടെ പോകും എന്ന പ്രതിസന്ധി അവർ തിരിച്ചറിഞ്ഞു. ഇതോടെയാണ് വീട് നിർമിച്ച് നൽകാമെന്ന ആശയം പ്രിൻസിപ്പൽ ഡോ.എസ്. അയൂബ് മുന്നോട്ടുവയ്ക്കുന്നത്. പണം മുടക്കാമെന്ന വാഗ്ദാനവുമായി പൂർവ വിദ്യാർത്ഥികളെത്തി. സ്ഥലങ്ങൾ സന്ദർശിച്ച് പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട ശേഷമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. മൺട്രോത്തുരുത്തിൽ മൂന്ന് വീടുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഒരെണ്ണം പൂർത്തിയായി ബാക്കി വീടുകളുടെ പണി പുരോഗമിക്കുന്നു.
വെള്ളപ്പൊക്കം, ഭൂമി കുലുക്കം എന്നിവയെ പ്രതിരോധിക്കുന്ന തരത്തിലാണ് നിർമ്മാണം. ജില്ലയ്‌ക്ക് പുറത്ത് പാണ്ടനാട്, ബുധനൂർ എന്നിവിടങ്ങളിലും നിർമ്മാണം പുരോഗമിക്കുന്നു. പ്രകൃതിയോട് ഇണങ്ങുന്ന മുളവീടുകൾ നിർമ്മിച്ച് നൽകാനും പദ്ധതിയുണ്ട്. ആർകിടെക്റ്റുകളുടെ ഒരു സംഘത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. കോളേജിലെ എൻ.എസ്.എസിന്റെ പിന്തുണയുമുണ്ട്.
''യു.എസ്, സിംഗപ്പൂർ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളുടെ സഹകരണവും ബാക്ക് ടു ഹോം ആശയത്തിന് പിന്നിലുണ്ട്. കേരളത്തിൽ നിരവധി എൻജിനീയറിംഗ് കോളേജുകൾ ഉണ്ട്. അവരും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരണമെന്നാണ് ആഗ്രഹം.''
- ഡോ.എസ്. അയൂബ്,
പ്രിൻസിപ്പൽ
ടി.കെ.എം എൻജി. കോളേജ്