ടൗൺ ഹാൾ പരിസരത്ത് നിൽക്കാൻ മൂക്ക് പൊത്തണം
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത
കൊല്ലം: കന്റോൺമെന്റ് മൈതാനം കേന്ദ്രീകരിച്ച് സ്വകാര്യ വ്യക്തി നടത്തുന്ന കോഴി വേസ്റ്റ് കൈമാറ്റം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്ക ഉയരുന്നു. അസഹ്യമായ ദുർഗന്ധം കാരണം കന്റോൺമെന്റ് മൈതാനത്തും തൊട്ടടുത്തുള്ള ടൗൺഹാൾ പരിസരത്തും മൂക്ക് പൊത്താതെ നിൽക്കാനാകാത്ത സ്ഥിതിയാണ്.
മാനദണ്ഡങ്ങൾ പാലിക്കാതെ
കോഴിക്കടകളിൽ നിന്ന് ചെറിയ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം തമിഴ്നാട്ടിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ കന്റോൺമെന്റ് മൈതാനത്ത് വച്ചാണ് വലിയ വാഹനങ്ങളിലേക്ക് കയറ്റുന്നത്. നഗരപരിധിക്കുള്ളിലെ കോഴിക്കടകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൈമാറാനുള്ള അനുമതി മാത്രമാണ് കോർപ്പറേഷൻ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ തൊട്ടടുത്തുള്ള പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ള കോഴിവേസ്റ്റും ഇവിടെയെത്തിച്ചാണ് കൈമാറുന്നത്. കോഴിക്കടകൾ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് മാലിന്യം കൈമാറാൻ നഗരസഭ ഇടം നൽകിയത്. എന്നാൽ അനുമതി നൽകുമ്പോൾ നഗരസഭ മുന്നോട്ടുവച്ച മാനദണ്ഡങ്ങളൊന്നും ഇപ്പോൾ പാലിക്കുന്നില്ല.
മാലിന്യം മൈതാനത്ത് കുഴിച്ചു മൂടുന്നു
കവറുകളിൽ കൊണ്ടുവരുന്ന മാലിന്യം വലിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടിയിൽ മൈതാനത്ത് പൊട്ടിവീഴുന്നത് പതിവാണ്. ഉപയോഗശൂന്യമായ മാലിന്യം അർദ്ധരാത്രിയോടെ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. കവറുകളിൽ നിന്ന് രക്തം പൊട്ടിയൊലിച്ച് വീണ് ഇവിടെ തളംകെട്ടി നിന്ന് ഈച്ചയും കൊതുകും പെറ്റുപെരുകുകയാണ്. തൊട്ടടുത്തുള്ള ടൗൺ ഹാളിൽ ദുർഗന്ധത്തിന് പുറമേ ഈച്ചയുടെ ശല്യവും ദിനംപ്രതി വർദ്ധിക്കുകയാണ്.
നഗരസഭയ്‌ക്ക് വാടകയില്ല; ലഭിക്കുന്നത് വൻലാഭം
കോഴിക്കടകളിൽ നിന്നും 6000 മുതൽ 12000 രൂപ വരെയാണ് മാലിന്യം ശേഖരിക്കുന്നതിന് സ്വകാര്യ വ്യക്തി ഈടാക്കുന്നത്. കോഴിവേസ്റ്റ് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണമാക്കി മാറ്റുന്ന തമിഴ്നാട്ടിലെ സംസ്‌കരണ കേന്ദ്രത്തിൽ നിന്നും ഇയാൾക്ക് പണം ലഭിക്കുന്നുണ്ട്. എന്നാൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കന്റോൺമെന്റ് മൈതാനം സ്ഥിരമായി ഉപയോഗിക്കുന്നതിന് ഒരു രൂപ പോലും തറവാടക വാങ്ങുന്നുമില്ല.
'' മാലിന്യം വലിച്ചെറിയുന്ന അവസ്ഥ ഒഴിവാക്കാനാണ് മൈതാനത്ത് വച്ച് കൈമാറാനുള്ള അനുമതി നൽകിയത്. എന്നാൽ അനുമതി ദുരുപയോഗം ചെയ്യുകയാണ്. മൈതാനത്ത് വച്ചുള്ള മാലിന്യ കൈമാറ്റം നിറുത്തിവയ്‌ക്കാൻ ഉടൻ തന്നെ നിർദ്ദേശം നൽകും.''
വി. രാജേന്ദ്രബാബു (മേയർ)