photo
അഗ്രോ സർവ്വീസ് സെന്ററിൽ എത്തിച്ചേർന്ന ട്രാക്ടർ

 ഉദ്ഘാടനം 14 ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.

കരുനാഗപ്പള്ളി: കാർഷിക മേഖലയിൽ നൂതന കാൽവെയ്പ്പുമായി അഗ്രോ സർവീസ് സെന്റർ കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ശക്തമായ രീതിയിൽ കൃഷിയെ തിരികെ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് കർഷകക്കൂട്ടായ്മയിലൂടെ സെന്റർ പ്രവർത്തന സജ്ജമാകുന്നത്. ഓണാട്ടുകരയുടെ ഭാഗമായ ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ, തഴവ,​ തൊടിയൂർ, കരുനാഗപ്പള്ളി എന്നീ ഭാഗങ്ങളാണ് ഓച്ചിറ ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെ പരിധിയിൽ വരുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതു തരം തൊഴിലും ചെയ്യാൻ പ്രാപ്തരായ ടെക്നീഷ്യൻമാർക്ക് കർഷക ക്ഷേമ വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം മികച്ച പരിശീലനം നൽകിക്കഴിഞ്ഞു. കർഷക മേഖലയിൽ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഏറക്കുറേ ഒഴിവാകുമെന്നാണ് പ്രതീക്ഷ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട തെങ്ങ് കയറ്റം, തെങ്ങിന് മരുന്ന് തളിക്കൽ, തടം തെളിക്കൽ, നെൽക്കൃഷിക്ക് നിലം ഒരുക്കൽ, വിത്തിടീൽ, കള നീക്കം ചെയ്യൽ തുടങ്ങിയ ഒട്ടുമിക്ക ജോലികളും ഇനിമുതൽ ടെക്നീഷ്യൻമാർ ഭംഗിയായി നിർവഹിക്കും.

 കരുനാഗപ്പള്ളിയിലെ കർഷകക്കൂട്ടായ്മയിലൂടെയാണ് അഗ്രോ സർവീസ് സെന്റർ പ്രവർത്തന സജ്ജമാകുന്നത്. 'വിത്തു മുതൽ വിപണി വരെ' എന്ന ആശയമാണ് പദ്ധതിയുടെ പിന്നിലുള്ളത്.

ആർ. രാമചന്ദ്രൻ എം.എൽ.എ

22 ലക്ഷം രൂപ

സംസ്ഥാന സർക്കാർ നൽകിയ 22 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സേവനകേന്ദ്രം വാങ്ങിയത്. ഇതിന്റെ എല്ലാ സേവനങ്ങളും സമയബന്ധിതമായി കർഷകർക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. കർഷകപ്പണിക്ക് ടെക്നീഷ്യൻമാരെ ആവശ്യമുള്ള കർഷകർ വിവരം അഗ്രോ സർവീസ് സെന്ററിൽ അറിയിച്ചാൽ ജോലിയുടെ സ്വഭാവമനുസരിച്ച് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി കർഷകന് നൽകും. കർഷകന് താല്പര്യമെങ്കിൽ എസ്റ്റിമേറ്ര് തുകയുടെ 50 ശതമാനം സെന്ററിൽ അടച്ചാൽ തൊഴിലാളികൾ നിശ്ചിത ദിവസം കർഷകന്റെ വീട്ടിലെത്തി തൊഴിൽ ചെയ്യും.

ഉപദേശക സമിതി

ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ഉപാദ്ധ്യക്ഷനുമായുള്ള ഉപദേശക സമിതിയാണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, തിരഞ്ഞെടുത്ത കർഷക പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരും ഉപദേശക സമിതിയിലുണ്ടാകും.