ശാസ്താംകോട്ട: കേരളത്തിൽ 19 സീറ്റ് നേടി വിജയിച്ചതിൽ അഹങ്കരിക്കുന്ന കോൺഗ്രസുകാർ രാജ്യത്ത് തകർന്നടിയുകയാണെന്ന സത്യം കൂടി മനസിലാക്കണമെന്നും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും വർഗ ബഹുജന സമരങ്ങളിലൂടെ തിരിച്ചു വന്ന പാരമ്പര്യം കമ്യൂണിസ്റ്റു പാർട്ടിക്കുണ്ടെന്നും മന്ത്രി എം.എം. മണി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാഷ്യു വർക്കേഴ്സ് സെന്റർ സി.ഐ.ടി.യു സംസ്ഥാന ഭാരവാഹിയുമായിരിക്കെ അന്തരിച്ച ഇ. കാസിമിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെ വാക്പ്പയറ്റ് നടത്താനല്ലാതെ ആശയപരമായ പോരാട്ടം നടത്താൻ കോൺഗ്രസിനായില്ല.
ബി.ജെ.പിക്കെതിരെ രാജ്യത്ത് ശക്തമായ മുന്നണി സമവാക്യമുണ്ടാക്കാതെയുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ധാരണയില്ലായ്മയുമാണ് വീണ്ടും മോദിയെ അധികാരത്തിലെത്തിച്ചതെന്നും മന്ത്രി എം. എം. മണി വ്യക്തമാക്കി. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ. സോമപ്രസാദ് എം.പി, നേതാക്കളായ എസ്. സുദേവൻ, കെ.എൻ. ബാലഗോപാൽ, എം. ഗംഗാധര കുറുപ്പ്, ബി. രാഘവൻ എം. ശിവശങ്കരപ്പിള്ള ,ടി.ആർ. ശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുന്നത്തൂർ താലൂക്കിലെ കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്കുള്ള എൻഡോവ്മെന്റ് വിതരണവും ഇതോടൊപ്പം നടന്നു.