പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ഇടമണിൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിയെത്തിയ ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറി നാല് കടകൾ തകർന്നു. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ഇടമൺ ചീനിവിള വീട്ടിൽ മീരാസാഹിബ്, ശശിധരൻ, ഖദീജ എന്നിവരുടെ കച്ചവട സ്ഥാപനങ്ങളിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കടമുറികളും സാധാനങ്ങളും പൂർണ്ണമായും നശിച്ചു. 10ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.
രണ്ട് ചായക്കടകളും ഒരു പച്ചക്കറി കടയും സ്റ്റോർ മുറിയുമാണ് തകർന്നത്. കടയ്ക്കുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് നിസാര പരിക്കേറ്റു. തെന്മല പൊലീസും ലോറി ഉടമയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം കടകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് മാറ്റിയിട്ടു.