കരുനാഗപ്പള്ളി: മഴ തുടങ്ങിയതോടെ വള്ളിക്കാവ് ജംഗ്ഷൻ പൂർണമായും വെള്ളക്കെട്ടിലായി. ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന എന്നീ 3 ഗ്രാമ പഞ്ചായത്തുകളുടെ സംഗമ സ്ഥാനത്താണ് വള്ളിക്കാവ് സ്ഥിതി ചെയ്യുന്നത്. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് ജംഗ്ഷൻ വെള്ളക്കെട്ടാകാനുള്ള മുഖ്യകാരണം. വർഷങ്ങളായി ജനങ്ങൾ മഴ സീസണിൽ ഈ ദുരിതം അനുഭവിക്കുകയാണ്. മഴ തോർന്നാലും വെള്ളക്കെട്ടിന് ശമനം ഉണ്ടാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പ്രധാന വ്യവസായ കേന്ദ്രം കൂടിയാണ് വള്ളിക്കാവ്. ലോക തീർത്ഥാടന കേന്ദ്രമായ അമൃതപുരിയിലേക്ക് പോകുന്ന തീർത്ഥാടകർ വള്ളിക്കാവിൽ ബസിറങ്ങിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. അമൃത എൻജിനിയറിംഗ് കോളേജ്, ആയുർവേദ കോളേജ്, ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, ബയോ ടെക്നോളജി കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വള്ളിക്കാവ് ജംഗ്ഷന് സമീപമാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിവസവും ഇതു വഴി കടന്ന് പോകുന്നത്. വള്ളിക്കാവ് ഗുരുമന്ദിരം, ദേവീക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, വള്ളിക്കാവ് മത്സ്യമാർക്കറ്റ്, ബാങ്കുകൾ തുടങ്ങി നിരവധി ആരാധനാലയങ്ങളും സ്ഥാപനങ്ങളും ജംഗ്ഷനിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളും ജംഗ്ഷൻ വഴി സർവീസ് നടത്തുന്നുണ്ട്. മഴ ആരംഭിച്ച് കഴിഞ്ഞാൽ ജംഗ്ഷനിലെ കച്ചവടക്കാരുടെയും കാൽനട യാത്രക്കാരുടെയും അവസ്ഥ പരിതാപകരമാകും. ജംഗ്ഷനിൽ കെട്ടി നിൽക്കുന്ന മഴവെള്ളം ഒഴുക്കി വിടാൻ ഓട നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടാണ് വള്ളിക്കാവിന്റെ ശാപം. വെള്ളം ഒഴുക്കി വിടാൻ ഓട നിർമ്മിക്കണമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവർ മോശം സമീപനമാണ് സ്വീകരിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്നും റോഡിന്റെ വടക്ക് ഭാഗത്തു കൂടി ഓട നിർമ്മിച്ച് റോഡിന്റെ തെക്കു വശമുള്ള തോടുമായി ബന്ധിപ്പിച്ചാൽ ജംഗ്ഷനിലെ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാം.
സുനിൽകുമാർ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 399-ം നമ്പർ വള്ളിക്കാവ് ശാഖ.
വെള്ളക്കെട്ടിന്റെ കാരണം
റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും ഓടയില്ലാത്തതുമാണ് ജംഗ്ഷനിൽ വെള്ളം കെട്ടി നിൽക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കാൽ നൂറ്റാണ്ടിന് മുമ്പ് വരെ ജംഗ്ഷനിലെ മഴവെള്ളം പാടങ്ങളിലൂടെ ഒഴുകി ടി.എസ് കനാലിൽ പതിക്കുമായിരുന്നു. എന്നാൽ വയലുകൾ നികത്തിയതോടെ ജംഗ്ഷനിലെ നീരൊഴുക്ക് നിലച്ചു. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡ് ആവശ്യത്തിലധികം ഉയത്തി നിർമ്മിച്ചതും വെള്ളക്കെട്ടിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.