കൊല്ലം: കാലവർഷം ശക്തമായതോടെ ജില്ലയിലെമ്പാടും ഇന്നലെയും കനത്ത മഴ ലഭിച്ചു. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ കാറ്റിന്റെ വേഗതയും മഴയുടെ തോതും ഇന്ന് വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം കടലും കടലോരവും പ്രക്ഷുബ്ധമാണ്. ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് പരമ്പരാഗത മത്സ്യതൊഴിലാളികളിൽ മിക്കവരും ഇന്നലെ കടലിൽ പോയില്ല. മുണ്ടയ്‌ക്കൽ പാപനാശനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരമാലകൾ തീരത്തേക്ക് പതഞ്ഞ് കയറുകയാണ്. തീരത്ത് കുന്നു കൂടിയ 'പതക്കൂട്ടം' കാണാനും കയ്യിലെടുക്കാനും സെൽഫിയെടുക്കാനും പെരുമഴയിലും നിരവധി പേരെത്തി. കാലവർഷം ശക്തിപ്രാപിക്കുന്ന ഘട്ടങ്ങളിൽ തീരത്ത് ഇത്തരം പ്രതിഭാസങ്ങൾ പതിവാണെന്ന് പ്രദേശവാസികളും മത്സ്യതൊഴിലാളികളും പറയുന്നു
.
ശക്തമായ കാറ്റ് ജില്ലയുടെ കാർഷിക മേഖലയിൽ വ്യാപക നാശം വിതച്ചു. വാഴ, മരച്ചീനി കൃഷികളാണ് കൂടുതലായി നശിച്ചത്. വിവിധ ഏലാകളിൽ ഹൈക്ടർ കണക്കിന് ഏത്തവാഴ ഒടിഞ്ഞ് വീണെന്നാണ് പ്രാഥമിക കണക്കുകൾ. ചെറുകർഷകരിൽ പലരും വിളകൾക്ക് ഇൻഷ്വറൻസ് എടുത്തിട്ടില്ലാത്തവരാണ്.
മഴ തുടർന്നാൽ കഴിഞ്ഞ പ്രളയത്തിൽ ദുരിതം നേരിട്ട പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയേറെയാണ്. ഇത്തരം സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ കണ്ടെത്തി വയ്ക്കാൻ തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കളക്ടറേറ്റിന് പുറമെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.