കൊല്ലം: കാലവർഷം കനത്തതോടെ ഹൈസ്കൂൾ ജംഗ്ഷനിൽ വെള്ളം പൊങ്ങി. കളക്ട്രേറ്റ് മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള അശാസ്ത്രീയ റോഡ് ഡിവൈഡർ നിർമ്മാണമാണ് വെള്ളം പൊങ്ങാൻ കാരണമായത്. ഇന്നലെ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെയുള്ള യാത്ര കാൽനട യാത്രക്കാരെ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ചു. സ്കൂൾ വിദ്യാർത്ഥികളടക്കം റോഡ് മുറിച്ചു കടക്കാനാകാതെ വലഞ്ഞു. ഒടുവിൽ ഡിവൈഡർ മുറിച്ച് വെള്ളം ഒഴുക്കിവിട്ടതോടെയാണ് വെള്ളക്കെട്ടിന് അല്പമെങ്കിലും ആശ്വാസമായത്. മാസങ്ങളായി ഇവിടെ നടക്കുന്ന ഡിവൈഡർ നിർമ്മാണം അനിശ്ചിതമായി നീളുകയാണ്. ശാസ്ത്രീയമായി ഡിവൈഡർ നിർമ്മിച്ച് ഹൈസ്കൂൾ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ് കുമാർ ആവശ്യപ്പെട്ടു.