കൊട്ടാരക്കര: "ഒരു പരാതി കൊടുക്കാനാണ് മോനേ ഞാൻ ഈ വയസാംകാലത്ത് പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. വയസ് അറുപത് കഴിഞ്ഞു. ഇന്നേവരെ ഇവിടേക്ക് വന്നിട്ടില്ല. ശരിക്കും പേടിയായിരുന്നു. ഇവിടെ വന്നപ്പോൾ ഞാൻ തന്നെ അതിശയിച്ചു. എന്റെ പേടി മാറി, എന്താ ഭംഗി "- ചെല്ലമ്മഅമ്മ പറഞ്ഞത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനെപ്പറ്റിയാണ്.
പേടിയോടെ കണ്ടിരുന്ന പൊലീസ് സ്റ്റേഷൻ ഹരിത ഭംഗിയിലെത്തിയത് ഇവിടെ എത്തുന്നവർക്ക് അതിശയമാണ്. പുൽത്തകിടിയും പൂന്തോട്ടവുമൊരുക്കി പൊലീസ് സ്റ്റേഷൻ ശരിക്കും ഹരിതാഭമായി മാറിയത് പൊതുജനങ്ങൾക്ക് നന്നെ ഇഷ്ടപ്പെട്ടു. അകത്തുള്ള ഏമാൻമാരുടെ സ്വഭാവവും പണ്ടത്തെപ്പോലെയല്ലെന്ന് നാട്ടുകാർ. റൂറൽ ജില്ലാ ഹെഡ് ക്വാർട്ടർ സ്റ്റേഷനായ കൊട്ടാരക്കര ഗ്രീൻ പ്രോട്ടോക്കോളിന്റെ പാതയിലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലും ഉദ്യോഗസ്ഥർ വലിയ പങ്ക് വഹിച്ചിരുന്നു. മുമ്പ് സ്റ്റേഷൻ പരിസരത്തുതന്നെ മാലിന്യങ്ങൾ കുന്നുകൂടുന്നുണ്ടായിരുന്നു. ഇപ്പോൾ മാലിന്യം നീക്കം ചെയ്യാനും സംസ്കരിക്കാനുമൊക്കെ സംവിധാനങ്ങളായി. പാർക്കിലെത്തുന്ന അനുഭൂതിയോടെ സ്റ്റേഷനിലേക്ക് കടക്കാം.
ഇവിടം സുന്ദരം, ഹരിതാഭം
അര നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് കൊട്ടാരക്കര പൊലീസിന്റെ ആസ്ഥാനമന്ദിരം. ഇത് പെയിന്റടിച്ച് മനോഹരമാക്കിയത് അടുത്തിടെയാണ്. അതിന്റെ തുടർച്ചയായിട്ടാണ് മുറ്റവും വഴിയുമൊക്കെ പച്ചപ്പിൽ പൊതിഞ്ഞത്. വഴിയുടെ ഇരുവശങ്ങളിലും പുൽത്തകിടിയും പൂന്തോട്ടവും ഒരുക്കി. സ്റ്റേഷന്റെ മുൻഭാഗവും ഭംഗി വരുത്തി. വെള്ളാരങ്കല്ലുകൾ വിരിച്ച് പൂന്തോട്ടത്തിന് കൂടുതൽ മാറ്റ് വരുത്തി. പടർന്ന് പന്തലിച്ച് പച്ചപ്പ് പടർത്തുന്ന വള്ളിച്ചെടികളും പാഷൻ ഫ്രൂട്ടുമൊക്കെ നട്ടിട്ടുണ്ട്. പ്ളാവും സപ്പോട്ടയും മാവും ആത്തിയുമടക്കം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഉപയോഗ ശൂന്യമായ ഇരുമ്പ് ബാരലുകൾ മുറിച്ച് മണ്ണം വളവും നിറച്ച് പരിസ്ഥിതി സൗഹൃദ വാഴക്കൃഷി തുടങ്ങുകയാണ്. ഇതെല്ലാം ഒരുക്കിയത് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കീശയിലെ കാശുകൊണ്ടാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
തീർന്നില്ല വിശേഷം
സ്റ്റേഷന്റെ ചുവരുകളിൽ ശുചിത്വവും പരിസ്ഥിതി ബോധവും ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ നിരന്നിട്ടുണ്ട്. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാനും സംവിധാനമുണ്ടാക്കി. ഇനിയൊരു ജൈവ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിന് നഗരസഭയ്ക്ക് കത്ത് നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽ ഇൻഡോർ പ്ളാന്റ് സജ്ജീകരിച്ച് ശീതളമാക്കി.
മൺ കൂജയിൽ കുടിവെള്ളം
സ്റ്റേഷനിൽ പലയിടങ്ങളിലും മൺകൂജയിൽ ശുദ്ധജലം വച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല, പരാതിക്കാരായി എത്തുന്നവർക്കും പ്രതികളായി എത്തുന്നവർക്കും മറ്റ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കും കൂജയിലെ വെള്ളം കുടിക്കാം.