കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നഗരസഭ സമർപ്പിച്ച പദ്ധതിക്ക് കിഫ്ബി 64.9 കോടി രൂപ അനുവദിച്ചു. കെ.എസ്.ഇ.ബി സിവിൽ വിഭാഗം തയ്യാറാക്കി ആരോഗ്യ വകുപ്പിന് നൽകിയ പദ്ധതിക്കാണ് ഫണ്ട് അനുവദിച്ചത്. നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 3 നിലകൾ കൂടി നിർമ്മിക്കും. സുനാമി കെട്ടിടം പൊളിച്ചുനീക്കി എട്ട് നിലകളിലായി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കും.
അത്യാഹിത വിഭാഗം വിപുലീകരിക്കുകയും കൂടുതൽ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യംഏർപ്പെടുത്തുകയും ചെയ്യും. ബ്ലഡ് ബാങ്ക്, സ്കാനിംഗ് വിഭാഗം, പേ വാർഡ്, എക്‌സ് റേ, ലാബ്, കാന്റീൻ തുടങ്ങിയവ കൂടി പ്രവർത്തിക്കുന്ന തരത്തിലാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 5 നിലകളുള്ള പ്രധാന കെട്ടിടത്തിലായിരിക്കും ഓപ്പറേഷൻ തിയേറ്റർ. ദേശീയപാതയുടെ പടിഞ്ഞാറ് വശത്തായി നിർമ്മിക്കുന്ന സർവീസ് റോഡ് വഴിയായിരിക്കും വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുന്നത്. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി തെക്കു വശത്തുള്ള റോഡിലൂടെയാകും വാഹനങ്ങൾ പുറത്തേക്ക് കടക്കേണ്ടത്.