കൊല്ലം: ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിൽ ബസ് ഷെൽട്ടറുണ്ടായിട്ടും പെരുമഴയത്ത് നനഞ്ഞൊലിച്ചും വേനലിൽ കൊടും വെയിലേറ്റും കാത്തുനിൽക്കാനാണ് യാത്രക്കാരുടെ വിധി. ഷെൽട്ടറിന്റെ മുന്നിൽ നിറുത്താനുള്ള ബസുകൾ ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ നിറുത്തുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കുണ്ടറ ഭാഗത്തേക്കുള്ള ബസ് ഷെൽട്ടറിനോട് ചേർന്ന് ഒരു തട്ടുകടയുണ്ട്. ഇവിടെ ചായയും ഭക്ഷണവും കഴിക്കാനെത്തുന്നവരുടെ ഷെൽട്ടറായി ബസ് ഷെൽട്ടർ മാറിയിരിക്കുകയാണ്. ചിന്നക്കട ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് ബസ് ഷെൽട്ടറില്ല. എസ്.എൻ, ഫാത്തിമ കോളേജുകളിലേതടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും നൂറുകണക്കിന് യാത്രക്കാരുമാണ് ശങ്കേഴ്സ് ജംഗ്ഷനിൽ ദിനംപ്രതി ബസ് കാത്തുനിൽക്കുന്നത്. കാലവർഷം തുടങ്ങിയതോടെ പെരുമഴയിൽ നനഞ്ഞു കുളിച്ച് നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. വെയിലായാൽ പെരുവെയിലത്താകും കാത്തുനിൽപ്പ്.
ബസ് ഷെൽട്ടറിന് മുന്നിൽ ബസുകൾ നിറുത്താനാവശ്യമായ നടപടി പൊലീസുമായി ബന്ധപ്പെട്ട് സ്വീകരിക്കും.''
വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)
ഹോം ഗാർഡിനെ പിൻവലിച്ചത് വിനയായി
റോഡ് മുറിച്ച് കടക്കുന്നതിനിടെ ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ അപകടങ്ങൾ പതിവായതോടെ ഇടക്കാലത്ത് ഇവിടെ ഹോം ഗാർഡുമാരെ നിയോഗിച്ചിരുന്നു. ഈ സമയം ബസുകൾ ബസ് ഷെൽട്ടറിന് മുന്നിലാണ് നിറുത്തിയിരുന്നത്. എന്നാൽ ഹോം ഗാർഡിനെ പിൻവലിച്ചതോടെ വീണ്ടും പഴയ സ്ഥിതിയായി. നഗരത്തിൽ നിലവിലുള്ള ബസ് സ്റ്റോപ്പുകൾ ഹൈടെക്ക് ആക്കുന്ന നഗരസഭ ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിൽ നിന്ന് ചിന്നക്കടയിലേക്കുള്ള യാത്രക്കാർക്ക് വെയിലും മഴയും എൽക്കാതിരിക്കാൻ ചെറിയ കൂര ഒരുക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.