കൊല്ലം: കാപ്പെക്സ് തോട്ടണ്ടി ഇടപാടിലെ വിവാദങ്ങൾ പാർട്ടി യഥാസമയം പരിശോധിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ എൻ.പത്മലോചനൻ. ഇപ്പോൾ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയല്ല. എന്നാൽ, അതിൽ അൽപ്പം സത്യങ്ങളുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ട ബാദ്ധ്യത പാർട്ടിക്കില്ല. ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലും മാനേജിംഗ് ഡയറക്ടർ രാജേഷിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ സർക്കാർ സസ്‌പെൻഡ് ചെയ്‌ത് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. പത്മലോചനൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
മുൻവിധിയില്ല
കാപ്പെക്സ് ബോർഡിന് വിവാദ ഇടപാടിൽ പങ്കുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പാർട്ടിക്ക് ഒരു കാര്യത്തിലും മുൻവിധിയുമില്ല. ഊഹങ്ങളുടെപുറത്ത് തീരുമാനിക്കേണ്ടതല്ല ഇതെല്ലാം. വസ്‌തുതകളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് എം.ഡി യുടെ ചുമതല നൽകിയാണ് അന്വേഷണം. അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്ത് വരുമ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കും. എം.ഡി മാത്രമാണ് തെറ്റുകാരനെങ്കിൽ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടി സ്വീകരിച്ച് രാഷ്‌ട്രീയ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം ചെയർമാനെയും ബോർഡിലെ പാർട്ടി പ്രതിനിധിയെയും ബോദ്ധ്യപ്പെടുത്തും. ധനവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ ഗുരുതര കുഴപ്പങ്ങൾ കണ്ടെത്തിയാൽ തുടരന്വേഷണത്തിന് സർക്കാരിന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസിനെ ചുമതലപ്പെടുത്താവുന്നതേയുള്ളു.
ചിലരുടെ നീക്കം
പിണറായി സർക്കാർ കാഷ്യു ബോർഡ് രൂപീകരിച്ചത് തോട്ടണ്ടി ഇടപാടിൽ ഇടനിലക്കാരെ ഒഴിവാക്കി കോർപ്പറേഷനെയും കാപ്പെക്‌സിനെയും ലാഭത്തിലാക്കുക എന്ന ലക്ഷ്യം വച്ചാണ്. അതിന്റെ ആദ്യ ചുവടുകൾ വിജയമായിരുന്നു. എങ്കിലും ഈ സംവിധാനം തകർക്കാൻ ചിലർ നീക്കം നടത്തുന്നതായാണ് വിവരം.
പാർട്ടി വച്ചുപൊറുപ്പിക്കില്ല
വി.എസ് സർക്കാരിന്റെ കാലത്ത് കാഷ്യു കോർപ്പറേഷനിലെ ചില ഇടപാടുകളെ കുറിച്ച് വിജിലൻസും സി.ബി.ഐയും അന്വേഷണം നടത്തിയിട്ടുണ്ട്. ഈ കേസുകളിൽ സി.പി.എം നേതാക്കൾ കുറ്റക്കാരാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യങ്ങളിൽ ആരുടെയും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ട ബാദ്ധ്യത സി.പി.എമ്മിനില്ല. ഈ രംഗത്തെ പ്രവർത്തനങ്ങളിൽ നേരത്തെ താനുൾപ്പടെ പാർട്ടിയുടെ തിരുത്തലുകൾക്ക് വിധേയനായിട്ടുണ്ട്. അഴിമതിക്കാരെ അൽപ്പം വൈകിയാലും പാർട്ടി വച്ചുപൊറുപ്പിക്കില്ല. വിവാദങ്ങൾ ഉണ്ടെങ്കിലും കാപ്പെക്‌സിലും കോർപ്പറേഷനിലും ഇപ്പോൾ സുഗമമായാണ് കാര്യങ്ങൾ നടക്കുന്നത്.