kadal
ശക്തമായ കടൽക്ഷോഭത്തിൽ കാക്കത്തോപ്പ് തീരം തകർന്നടിഞ്ഞ നിലയിൽ

 സ്ഥിതി തുടർന്നാൽ ഭാവിയിൽ തീരദേശ പാത തകർന്നടിയും

കൊല്ലം: കാലവർഷത്തിനും ന്യൂനമർദ്ദത്തിനുമൊപ്പം കടൽക്ഷോഭം രൂക്ഷമായതോടെ കൊല്ലം തീരദേശത്തെ ദുരിതമേറി. കൊല്ലം ബീച്ച് മുതൽ ഇരവിപുരം വരെയുള്ള തീരദേശ മേഖലയാണ് രൂക്ഷമായ കടൽക്ഷോഭത്തിന്റെ ദുരിതം അനുഭവിക്കുന്നത്. രണ്ടര മീറ്റർ വരെ ഉയരത്തിലാണ് പലപ്പോഴും തിരമാലകൾ ഉയരുന്നത്. ബീച്ച് മുതൽ ഇരവിപുരം വരെ പുലിമുട്ടും കടൽഭിത്തിയും ഇല്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമാകുന്നത്.

ദിവസങ്ങളായി കാക്കത്തോപ്പിൽ തീരത്ത് കൂറ്റൻ തിരമാലകൾ ഇരച്ച് കയറുകയാണ്. കൊല്ലം മുതൽ ഇരവിപുരം വരെയുള്ള തീരദേശ റോഡ് അനുദിനം ഇല്ലാതാവുകയാണ്. സ്ഥിതി തുടർന്നാൽ ഭാവിയിൽ തീരദേശ പാത തകർന്നടിഞ്ഞേക്കും.

 പുലിമുട്ട് നിർമ്മാണം ഇഴയുന്നു

ലക്ഷ്‌മിപുരം തോപ്പ് മുതൽ കാക്കത്തോപ്പ് വരെ പുലിമുട്ടിന്റെ നിർമ്മാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഇത് വരെ പൂർത്തിയാക്കാനായിട്ടില്ല. 12 പുലിമുട്ടുകൾ നിർമ്മിച്ചെങ്കിലും ശേഷിക്കുന്ന 14 എണ്ണത്തിന്റെ നിർമ്മാണ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

തീരത്ത് നിൽക്കുന്ന തെങ്ങുകളും മറ്റ് മരങ്ങളും ദിവസവും കടപുഴകി കടലിലേക്ക് പതിക്കുകയാണ്. ഭൂവിസ്‌തൃതി ഇല്ലാതാകുന്ന തരത്തിൽ കൃത്യമായ ഇടവേളകളിൽ കടലാക്രമണം ശക്തമായിട്ടും ക്രിയാത്മക രക്ഷാദൗത്യങ്ങൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 പുലിമുട്ട് വൈകിയാൽ തീരദേശം ഇല്ലാതാകും

പുലിമുട്ട് നിർമ്മാണം അനന്തമായി വൈകിയാൽ തീരദേശത്തിന്റെ ഘടന തന്നെ ഇല്ലാതാകും. മേജർ ഇറിഗേഷൻ വകുപ്പിനാണ് പുലിമുട്ടുകളുടെ നിർമ്മാണ ചുമതല. പുലിമുട്ട് ഇല്ലാത്ത ഭാഗങ്ങളിൽ തീരദേശ പാത ഇടിഞ്ഞ് താഴുമ്പോൾ അത്യാവശ്യ ജോലികളുടെ പട്ടികയിൽപ്പെടുത്തി അറ്റകുറ്റപണികൾ നടത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം അറ്റകുറ്റപ്പണികൾക്കായി മിക്കപ്പോഴും ചെലവഴിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള അറ്റകുറ്റപ്പണികളോട് അധികൃതർ കാട്ടുന്ന താത്പര്യം പുലിമുട്ടുകളുടെ നിർമ്മാണ കാര്യത്തിൽ ഉണ്ടാകണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.

 കൊല്ലം മുതൽ ഇരവിപുരം വരെ തിരകളുയരുന്നത് 2.5 മീറ്റർ വരെ ഉയരത്തിൽ

 ഗതാഗത നിരോധനം

കാക്കത്തോപ്പ് ഭാഗത്തെ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് റോഡ് ഇടിയുന്നതിനാൽ ഇരവിപുരം മുതൽ കൊല്ലം വരെയുള്ള തീരദേശ റോ‌ഡിലെ വാഹന ഗതാഗതം നിരോധിച്ചതായി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചിരിക്കുകയാണ്.