കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരം ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്രവും വലിയ അഗ്നിബാധയാണ് ഇന്നലെയുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്നലത്തേത് ഉറക്കമില്ലാത്ത രാവായിരുന്നു. രാത്രി 2.25ന് ആരംഭിച്ച അഗ്നിസേനാംഗങ്ങളുടെ പ്രയത്നം രാവിലെ 10 മണിയോടെയാണ് അവസാനിപ്പിച്ചത്. കരുനാഗപ്പള്ളിയിൽ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ട് കടകളാണ് പൂർണമായും കത്തി നശിച്ചത്. കോട്ടക്കുഴി മാർജിൻ ഫ്രീ മാർക്കറ്റിൽ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ സ്മാർട്ട് ഫാൻസി സെന്ററിൽ അഗ്നിയെ പ്രതിരോധിക്കുന്ന ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. 15 ഫയർ എൻജിനുകളിൽ 5 എണ്ണം ചവറ കെ.എം.എം.എൽ ഫാക്ടറിയിൽ നിന്നാണ് വെള്ളം ശേഖരിച്ചത്. സംഭവം അറിഞ്ഞ് കടയുടമകൾ പാഞ്ഞെത്തിയെങ്കിലും കടയുടെ സമീപത്തേക്ക് ആരെയും പോകാൻ അനുവദിച്ചില്ല. വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടിയപ്പോഴേക്കും തീ പൂർണമായും അണച്ച് കഴിഞ്ഞിരുന്നു.
15 ഫയർ എൻജിനുകളും 100 ഓളം അഗ്നിശമന സേനാംഗങ്ങളും
കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, ശാസ്താംകോട്ട, കൊട്ടാരക്കര, ചാമക്കട, കായംകുളം, മാവേലിക്കര, ഹരിപ്പാട് എന്നീ ഫയർ സ്റ്റേഷനുകളിലെ 15 ഫയർ എൻജിനുകളും 100 ഓളം അഗ്നിശമന സേനാ അംഗങ്ങളുമാണ് തീ അണയ്ക്കൽ പ്രവൃത്തിയിൽ ഏർപ്പെട്ടത്. തീ അടുത്ത കടകളിലേക്ക് പടരാതിരിക്കാൻ മൂന്ന് ഫയർ എൻജിനുകളിൽ നിന്നും നിറുത്താതെ വെള്ളം ചീറ്രുകയായിരുന്നു.
പെട്രോൾ പമ്പിന് രക്ഷാകവചം
അഗ്നിക്ക് ഇരയായ കടകൾക്ക് സമീപം ഫർണിച്ചർകട ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഉണ്ട്. കടകൾക്ക് സമീപത്താണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്. പെട്രോൾ പമ്പിനെ ഫയർ ഫോഴ്സ് പ്രത്യേക രക്ഷാകവചം തീർത്ത് സംരക്ഷിക്കുകയായിരുന്നു. പൊലീസ് ദേശീയപാത വഴിയുള്ള ഗതാഗതം ഗതി തിരിച്ച് വിട്ടതോടെ ഫയർഫോഴ്സിന് തടസമില്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞു.