photo
കൊട്ടാരക്കര പുത്തൂർ റോഡിൽ അവണൂരിനും പാലമുക്കിനും ഇടയിലെ വെള്ളക്കെട്ട്

കൊട്ടാരക്കര: നിർമ്മാണം പാതിവഴിയിലായതോടെ കൊട്ടാരക്കര- പുത്തൂർ റോഡിൽ ഗതാഗതം താറുമാറായി. കൊട്ടാരക്കരയ്ക്കും പുത്തൂരിനും ഇടയിൽ പലയിടത്തും റോഡ് നിറയെ കുഴിയാണ്. മഴക്കാലമായതോടെ ഇതുവഴിയുള്ള ഗതാഗതം തീർത്തും ബുദ്ധിമുട്ടിലായി. അപകടങ്ങളും ഏറുകയാണ്. പലയിടത്തും ടാറിംഗ് വെട്ടിപ്പൊളിച്ചിട്ടുണ്ട്. ടാറിംഗ് ഇളക്കാനായി വരഞ്ഞിട്ട ഭാഗങ്ങളുമുണ്ട്. പത്തടി, കല്ലുംമൂട് ഭാഗങ്ങളിൽ നിലവിലുള്ള റോഡ് താഴ്ത്തിയിട്ടുണ്ട്. ഇവിടെയൊന്നും മെറ്റലിംഗ് പോലും നടത്താൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ റോഡ് ചെളിക്കുണ്ടായി മാറി. കിഫ്ബിയിൽ ഉൾപ്പെടുത്തി 20.80 കോടി രൂപയ്ക്കാണ് ശാസ്താംകോട്ട-കൊട്ടാരക്കര നീലേശ്വരം-കോടതി സമുച്ചയം എന്ന പേരിലുള്ള ഈ റോഡ് നിർമ്മിക്കുന്നത്. തുടക്കത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ വകുപ്പ് മന്ത്രി ജി.സുധാകരൻ അസി.എക്സി.എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ ആരംഭിച്ചെങ്കിലും മഴ വില്ലനായി.

അവണൂർ കടക്കാൻ വള്ളം വേണം

കൊട്ടാരക്കര- പുത്തൂർ റോഡിൽ പതിവ് വെള്ളക്കെട്ടുള്ള ഭാഗമാണ് അവണൂർ ജംഗ്ഷനും പാലമുക്കിനും ഇടയിലുള്ള ഭാഗം. റോഡ് നിർമ്മാണം കൂടിയായപ്പോൾ ഇവിടുത്തെ വെള്ളക്കെട്ട് പതിവിലും കൂടി. റോഡ് നിറഞ്ഞ് വെള്ളം പരന്ന് കിടക്കുകയാണ്. നടുഭാഗത്തും അരികിലുമൊക്കെ കുഴികളുമുണ്ട്. റോഡിനെപ്പറ്റി അറിവില്ലാത്തവരാണെങ്കിൽ അപകടം തീർച്ചയാണ്.

വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല

സദാതിരക്കേറിയ റോഡിൽ സ്കൂളുകൾ തുറന്നതോടെ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനോടൊപ്പമാണ് റോഡിന്റെ ദുരവസ്ഥയും വില്ലനാകുന്നത്. ഇടറോഡുകളെ ആശ്രയിച്ചാണ് പലരും താത്കാലിക പരിഹാരം ഉണ്ടാക്കുന്നത്. ഈ സ്ഥിതി ഇനിയും തുടർന്നാൽ കൂടുതൽ ദുരിതമാകും. മഴക്കാലമെത്തിയതിനാൽ ടാറിംഗ് നടത്താൻ ഇനിയും വൈകും. അതുവരെ വെള്ളക്കെട്ടും മറ്റും ഒഴിവാക്കാൻ സംവിധാനമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പലയിടത്തും റോഡിന്റെ സംരക്ഷണ ഭിത്തികളും തകർന്നിട്ടുണ്ട്.