കരുനാഗപ്പള്ളി: താലൂക്കിലെ തീരദേശഗ്രാമായ ആലപ്പാട് പഞ്ചായത്തിൽ കടലാക്രമണം രൂക്ഷം. ശക്തമായ തിരമാലകൾ രൂപപ്പെട്ടതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച കലാക്രമണം ഇപ്പോഴും തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കഴിഞ്ഞു. തിരമാലകൾ വീടുകളിലൂടെ കയറി കിഴക്ക് വശമുള്ള ടി.എസ് കനാലിലേക്കാണ് പതിക്കുന്നത്. വീടികളിലേക്ക് വെള്ളം കയറുന്നത് തടയാനായി പലരും കരിമണൽകൊണ്ട് വരമ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ശക്തമായ തിരമാലകളെ പ്രതിരോധിക്കുന്നതിന് ഇതിന് സാധിച്ചില്ല.
കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് തിരമാലകൾ ഏറെ നാശം വിതയ്ക്കുന്നത്. ചെറിയഴീക്കൽ തുറയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ച കടൽ ഭിത്തിയാണ് ഇപ്പോഴും ഉള്ളത്. 15 വർഷത്തിന് മുമ്പ് ഉണ്ടായ സുനാമിയിൽ കടൽ ഭിത്തിയുടെ പലഭാഗങ്ങളും ഭാഗീകമായി തകർന്നിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആലപ്പാട്ടെ തീരങ്ങളിലുള്ള മിക്ക കടൽഭിത്തികൾക്കും ഇതാണ് അവസ്ഥ. ചില സ്ഥലങ്ങളിൽ മാത്രമാണ് പുലിമുട്ടിന്റെ നിർമ്മാണം നടന്നത്.
സുനാമിക്ക് മുമ്പ് വരെ കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കടൽ ഭിത്തിയുടെ അറ്റകുറ്രപ്പണികൾ നടത്തി ബലപ്പെടുത്താറുണ്ടായിരുന്നു. ഇന്ന് അതെല്ലാം ഓർമ്മകളിൽ മാത്രമായി. സുനാമി ദുരന്തത്തിന് ശേഷം കുറച്ച് വീടുകൾ മാത്രമാണ് റോഡിന് പടിഞ്ഞാറ് ഭാഗത്ത് ഉള്ളത്. കാലവർഷം ശക്തിയാർജിക്കുന്നതോടെ ഇവരുടെ ജീവിതം ദുരിതപൂർണ്ണമാകും. ഈ വീടുകൾ സംരക്ഷിക്കണമെങ്കിൽ നിലവിലുള്ള കരിങ്കൽ ഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ ബലപ്പെടുത്തേണ്ടതുണ്ട്. ഇതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.