പുനലൂർ: ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനൊപ്പം കാലവർഷവും കനത്തതോടെ പുനലൂർ ടൗണിലെത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലയുന്നു.
പുനലൂർ പോസ്റ്റ് ഓഫീസ് കവലയിൽ ബസ് കയറാൻ എത്തുന്ന യാത്രക്കാരാണ് മഴയത്ത് പാതയോരങ്ങളിൽ നിൽക്കേണ്ടി വരുന്നത്. ടൗണിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന പ്രധാന സ്റ്റോപ്പാണ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ. ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം എട്ട് വർഷം മുമ്പ് ലോറി ഇടിച്ച് തകർന്നിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകാത്തതാണ് ഏവരെയും കുഴക്കുന്നത്.
ജംഗ്ഷന് സമീപത്താണ് രണ്ട് ഹയർസെക്കൻഡറി സ്കൂളുകൾ സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ വിദ്യാർത്ഥികളാണ് ദിവസങ്ങളായി മഴയത്ത് കയറിൽ നിൽക്കാൻ ഇടമില്ലാതെ വലയുന്നത്. നരിക്കൽ, പൈനാപ്പിൾ, ഇളമ്പൽ, കുന്നിക്കോട്, കൊട്ടാരക്കര, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെത്തിയാണ് ബസ് കയറുന്നത്. ടൗണിന്റെ മിക്ക ഭാഗങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങളുടെങ്കിലും നിരവധി യാത്രക്കാർ എത്തുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷനെ അധികൃതർ അവഗണിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്. കാലവർഷം ഇനിയും ശക്തിപ്പെടും എന്നുള്ളതിനാൽ യാത്രക്കാരുടെ ദുരിതവും അനുദിനം വർദ്ധിക്കും. വിഷയത്തിൽ അലംഭാവം വെടിയണമെന്നും തകർന്ന പഴയ ബസ് കാത്തിരിപ്പിന് പകരം പുതിയ സംവിധാനം ഉണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.